കണ്ണൂർ: അഴീക്കൽ കോസ്റ്റൽ അക്കാദമി മാറ്റാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്ക് ഉദാഹരണമാണിത്. 19 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച അക്കാദമി കേന്ദ്ര സർക്കാറിന്റെ ഭൂമിയിലാണ്. കേന്ദ്രത്തിന് ആവശ്യമില്ലെങ്കിൽ ഈ ഭൂമി സംസ്ഥാന സർക്കാരിന് നൽകണമെന്നും അവിടെ വികസന പ്രവർത്തനം നടത്താൻ സംസ്ഥാന സർക്കാരിന് സാധിക്കുമെന്നും എം.വി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
വിദ്യാലയങ്ങളിലെ ശുചീകരണത്തിനും ഒപ്പം ലഹരി, ആത്മഹത്യ പ്രവണത എന്നിവക്കെതിരെ സി.പി.എം കണ്ണൂരിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും എം.വി ജയരാജൻ കൂട്ടിച്ചേർത്തു. വിദ്യാലയങ്ങളുടെയും പിടിഎയുടെയും സഹകരണത്തോടെയാകും പദ്ധതി തയ്യാറാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.