കണ്ണൂർ : ഒറ്റമരത്തിന്‍റെ വേരിൽ 14 വ്യത്യസ്ത രൂപങ്ങള്‍ ഒരുക്കി ശ്രദ്ധേയനാവുകയാണ് തളിപ്പറമ്പ് മുറിയാത്തോട് സ്വദേശി എൻ.വി സതീശൻ. കഴിഞ്ഞ ലോക്ക്ഡൗണിൽ ഒറ്റ മരത്തിന്‍റെ വേരിൽ 27 എണ്ണം കൊത്തിയ പ്രചോദനമാണ് സതീശന്‍റെ പുതിയ സൃഷ്ടിക്ക് നിറം നൽകിയത്.
മയിൽ, പശു, ചീങ്കണ്ണി, മത്സ്യത്തിനെ വിഴുങ്ങുന്ന സ്രാവ് തുടങ്ങിയവ മരത്തിന്‍റെ വേരിൽ സൃഷ്ടിച്ചിരിക്കുകയാണ് ഈ അനുഗ്രഹീത പ്രതിഭ. പാരമ്പര്യമായി സ്വർണ പണിക്കാരനായ സതീശൻ കൊത്തുപണി ഇതുവരെ അഭ്യസിച്ചിട്ടില്ലെന്നതും ഏവരിലും അത്ഭുതമുണർത്തുന്നു.
Also Read: മുട്ടിൽ മരംമുറി : പ്രതിപക്ഷം സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി
പട്ടുവം സർവീസ് സഹകരണ ബാങ്കിൽ ജോലി ചെയ്യുന്ന സതീശൻ വീട് പണിക്ക് ഉപയോഗിച്ചതില്‍ ബാക്കിയുള്ള പ്ലാവിന്‍റെ വേരിലാണ് രണ്ടാമത്തെ ശില്പം പണി കഴിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ ലോക്ക്ഡൗണ്‍ സമയവും ഫലപ്രദമാകുന്ന രീതിയിൽ വിനിയോഗിക്കാൻ തീരുമാനിച്ചതാണ് വേരിലെ രൂപകല്‍പ്പനയ്ക്ക് പ്രചോദനമായത്.
ആശയം നടപ്പാക്കാൻ തീരുമാനിച്ചതോടെ പ്ലാവിന്‍റെ വേര് നിരവധി രൂപങ്ങളുടെ സംഗമ വേദിയായി. ഒരു മാസം നീണ്ട കൊത്തുപണികൾക്ക് ഭാര്യ അനിലയുടെയും മക്കളായ സനയ, യദുകൃഷ്ണ എന്നിവരുടെയും സഹായവും പിന്തുണയും സതീശന് ലഭിച്ചു. കഴിഞ്ഞ ലോക്ക്ഡൗണിൽ 27 എണ്ണം ശീമക്കൊന്നയുടെ വേരിലാണ് സതീശൻ കൊത്തിയൊരുക്കിയത്.