കണ്ണൂര്‍: സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ എഎൻ ഷംസീർ എംഎൽഎക്കെതിരെ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന നസീറിന്‍റെ ഹർജി പരിഗണിക്കവെയാണ് അന്വേഷണ പുരോഗതി പൊലീസ് കോടതിയെ അറിയിച്ചത്. തലശ്ശേരി കോടതിയാണ് കേസ് പരിഗണിച്ചത്. പ്രതികളുടെയെല്ലാം ഫോൺ രേഖകൾ പരിശോധിച്ചിട്ടും ഷംസീറിന്‍റേത് മാത്രം ഇതുവരെ പരിശോധിക്കാനായില്ലെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഷംഷീറിനെതിരായ ആരോപണം തെളിയിക്കാനുള്ള തെളിവുകളൊന്നും ഇതുവരെ കിട്ടിയിട്ടില്ല.
ആരോപണ വിധേയരായ എ എൻ ഷംസീർ, സിപിഎം പ്രവർത്തകരായ ചെമ്പൂട്ടി സമീർ, കൊച്ചു ബാബു എന്നിവരുടെ ഫോൺ വിശദാംശങ്ങൾക്കായി ഡിജിപി മുഖേന ബിഎസ്എൻഎല്ലിന് അപേക്ഷ നൽകിയിരുന്നെങ്കിലും ഷംസീറിന്‍റേത് മാത്രം കിട്ടിയില്ലെന്നും പൊലിസ് അറിയിച്ചു. മറ്റുള്ളവരുടെ കോൾ ലിസ്റ്റുകൾ പരിശോധിച്ചപ്പോൾ കുറ്റകൃത്യത്തിന് മുൻപോ ശേഷമോ ഷംസീറുമായി ബന്ധപ്പെട്ടതിന് തെളിവില്ല. സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് യോഗത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ യോഗത്തിന്‍റെ മിനുട്‌സ് നാലുമാസം കഴിഞ്ഞിട്ടും പരിശോധിക്കാൻ കിട്ടിയില്ല. നസീർ പരാതിപ്പെട്ടപോലെ എംഎൽഎ ഓഫീസിൽ വെച്ച് നസീറിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ഷംസീറിന്‍റെ ഓഫീസ് സെക്രട്ടറിയുടെ മൊഴിയെന്നും റിപ്പോർട്ടിലുണ്ട്. എഎൻ ഷംസീറിനെതിരെ തെളിവുകൾ കിട്ടും വരെ മൊഴിയെടുക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതിൽ അസ്വാഭാവികത ഇല്ലെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.