കണ്ണൂർ: തോട്ടടയിൽ ബസും മിനി ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരൻ മരിച്ചു. മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വാഴ്‌ച പുലർച്ചെ 12.45 ഓടെയാണ് നാടിനെ നടുക്കിയ ദാരുണമായ അപകടം നടന്നത്. മണിപ്പാലിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവൽസിന്‍റെ ടൂറിസ്റ്റ് ബസും തലശ്ശേരിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ 27 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമാണ്. ഇവർക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. മണിപ്പാലിലും മംഗളൂരുവിലും പഠിക്കുന്ന വിദ്യാർഥികളും ബസിലുണ്ടായിരുന്നു.
പരിക്കേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചിലരെ പ്രാഥമിക ചികിത്സ നൽകി ഡിസ്‌ചാർജ് ചെയ്യുകയും ചെയ്‌തു. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ 9 പേരെയും ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 11 പേരിൽ 6 പേരെയും ഡിസ്‌ചാർജ് ചെയ്‌തിട്ടുണ്ട്.
ബസിൻ്റെ പിന്നിലാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മൂന്ന് തവണ കറങ്ങി തലകീഴായി റോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്. ഇതോടെ ഇവിടുത്തെ ഗതാഗതവും തടസപ്പെട്ടു. ലോറി ഇടിച്ച് കയറി സമീപത്തെ കടയും തകർന്നു. ആന്ധ്രാപ്രദേശ് രജിസ്ട്രേഷനിൽ ഉള്ളതാണ് അപകടത്തിൽപ്പെട്ട ലോറി.
പൊലീസും അഗ്നിരക്ഷാ സേനയും എത്തി ക്രെയിൻ ഉപയോഗിച്ചാണ് ബസ് റോഡിൽ നിന്ന് മാറ്റിയത്. പുലർച്ചെ രണ്ടരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. ബസിന്‍റെ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം കണ്ണൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ആന്ധ്രയിൽ ബസ് മറിഞ്ഞ് ഏഴ് മരണം : ആന്ധ്രാപ്രദേശിൽ തിങ്കളാഴ്‌ച അർധരാത്രിയിൽ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് കനാലിലേക്ക് മറിഞ്ഞ് ഒരു കുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചിരുന്നു. പ്രകാശം ജില്ലയിലെ ദാർസിയിൽ തിങ്കളാഴ്‌ച അർധ രാത്രിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു.
ALSO READ : Road Accident | ആന്ധ്രയിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് കനാലിലേക്ക് മറിഞ്ഞു; ഒരു കുട്ടി ഉൾപ്പെടെ 7 മരണം
അപകട സമയത്ത് 40ഓളം പേരാണ് ബസിലുണ്ടായിരുന്നത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തുടർന്ന് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബസിന്‍റെ അമിത വേഗതയും ഡ്രൈവർ ഉറങ്ങിപ്പോയതുമാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.
ബസും കാറും കൂട്ടിയിടിച്ച് ആറ് മരണം : ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌ത്രീകളടക്കം ആറ് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലെ ഡല്‍ഹി- മീററ്റ് എക്‌സ്‌പ്രസ് ഹൈവേയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സ്‌കൂൾ ബസ് തെറ്റായ ദിശയിൽ സഞ്ചരിച്ചതാണ് അപകടത്തിന് വഴിവച്ചത്.