കണ്ണൂർ: കെട്ടിട നിർമാണ ചട്ടം ഭേദഗതി ചെയ്‌ത സർക്കാർ നടപടി അഭിനന്ദനാർഹമാണെന്ന് ലെൻസ് ഫെഡ് കണ്ണൂർ ജില്ലാ കമ്മിറ്റി. നിലവിൽ മന്ത്രിസഭ അംഗീകാരം നൽകിയ ഭേദഗതികൾ സംസ്ഥാനത്ത് വ്യവസായ മേഖലക്ക് പ്രോത്സാഹനമേകുമെന്നും ലെൻസ് ഫെഡ് ഭാരവാഹികൾ തളിപ്പറമ്പിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
1999ലെ കേരള മുനിസിപ്പൽ ബിൽഡിംഗ് റൂളിൽ ചില കാതലായ മാറ്റങ്ങൾ 2019ൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ മേഖലകളിലെ സംഘടനകളുമായോ, വിദഗ്‌ധരുമായോ ചർച്ചകൾ നടത്താതെയാണ് ഭേദഗതികൾ പ്രഖ്യാപിച്ചത്. ഇത് സംസ്ഥാനത്തെ നിർമാണ മേഖലയിൽ വലിയ തിരിച്ചടി സൃഷ്‌ടിക്കുന്നതും 1999ലെ ചട്ടങ്ങൾ പ്രകാരം ലഭിച്ചിരുന്ന ചില ആനുകൂല്യങ്ങൾ നിഷേധിക്കുന്നതുമായിരുന്നു. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ലെൻസ് ഫെഡ് സർക്കാരിന് നിർദേശങ്ങൾ സമർപ്പിക്കുകയും, സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്‌തു.
സർക്കാർ ഇക്കാര്യം ഗൗരവമായി ഉൾക്കൊണ്ടുകൊണ്ട് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എസി മൊയ്‌തീന്‍റെ നേതൃത്വത്തിൽ ലെൻസ്ഫെഡ് ഉൾപ്പെടെയുളളവരുമായി മൂന്നുവട്ടം ചർച്ച നടത്തി. തുടർന്നാണ് ചട്ടങ്ങളിൽ വീണ്ടും ഭേദഗതികൾ കൊണ്ടുവരുവാൻ സർക്കാർ തീരുമാനിച്ചത്. ഇപ്പോൾ മന്ത്രിസഭ അംഗീകാരം നൽകിയ ബിൽഡിംഗ് റൂൾ ഭേദഗതികൾ സംസ്ഥാനത്തിന്‍റെ വ്യവസായ മേഖലയുടെ പ്രോത്സാഹനത്തിനും സാധാരണക്കാരന്‍റെ ഭവനനിർമാണത്തിനും, ചെറുകിട സംരംഭ മുന്നേറ്റത്തിനും സഹായമാവുന്നതാണ്.
ബഹുനില ഭവന സമുച്ചയങ്ങൾക്ക് നേരത്തെ ഉണ്ടായിരുന്ന ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുന്നതുമാണ്. കേരളത്തിന്‍റെ നിലവിലുള്ള റോഡുകളുടെ നിജസ്ഥിതി കണക്കിലെടുത്ത് ചെറിയ പ്ലോട്ടുകളിലെ നിർമാണങ്ങൾക്ക് ഏറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു കൊണ്ടുള്ളതാണെന്നും ലെൻസ് ഫെഡ് ഭാരവാഹികൾ പറഞ്ഞു.