കണ്ണൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെയും സർക്കാരിന്‍റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെയും ജനങ്ങളുടെ പ്രതിഷേധം ഉയരുമ്പോൾ എല്ലാതരം അഭിപ്രായ സ്വാതന്ത്ര്യങ്ങളെയും ഹനിച്ച് അവയെ അടിച്ചമർത്തുകയാണെന്ന് ബിജെപി ചെയ്യുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി. ഇന്ത്യ എല്ലാവരുടേതുമാണ് എന്ന മുദ്രാവാക്യമുയർത്തി മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരി നയിക്കുന്ന ദേശ് രക്ഷാ മാർച്ചിന്‍റെ ആദ്യ ദിന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യാ മഹാരാജ്യം യോജിച്ച കാഴ്‌ച്ചയാണ് നാം കണ്ടത്. അതിനൊപ്പം പുതുതലമുറ ഭരണകൂടത്തിനെതിരെ അതിശക്തമായ പ്രക്ഷോഭമാണ് ഉയർത്തിയത്. അവരുടെ ശബ്‌ദങ്ങളെയെല്ലാം ഭരണകൂടം അതിക്രൂരമായി അടിച്ചമർത്തിയപ്പോഴും വിദ്യാർഥി സമൂഹം പ്രതിഷേധം ശക്തമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പി വി അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ സുധാകരൻ എംപി മുഖ്യപ്രഭാഷണം നടത്തി.