കണ്ണൂര്‍ : പാലത്തായി പീഡന കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ബി.ജെ.പി നേതാവ് പത്മരാജൻ കുട്ടിയെ പീഡിപ്പിച്ചെന്ന് വ്യക്തമാക്കുന്നതാണ് പോക്സോ കേസില്‍ തലശേരി പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം. പ്രതി പത്മരാജൻ വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് ശാസ്ത്രീയതെളിവുകളുണ്ടെന്ന് ഇതില്‍ വിശദീകരിക്കുന്നു.
രക്തക്കറ പ്രധാന തെളിവ്
ഡി.വൈ.എസ്.പി രത്നകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. സ്കൂള്‍ ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയാണ് പ്രധാന തെളിവ്. ഇതിന്‍റെ ഫോറന്‍സിക് പരിശോധനാറിപ്പോര്‍ട്ട് നേരത്തെ ലഭിച്ചിരുന്നു.
ALSO READ: ആറ് മാസം പ്രായമുള്ള ഇമ്രാനും വേണം മരുന്നിന് 18 കോടി ; കൈകോര്‍ക്കാം വീണ്ടും
2020 ജനുവരിയിലാണ് ഒമ്പതുവയസുകാരി പീഡനത്തിന് വിധേയയായെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. ആദ്യം പാനൂർ പൊലീസാണ് കേസിൽ അന്വേഷിച്ചത്.
ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയത് പ്രത്യേക അന്വേഷണ സംഘം
അന്വേഷണം ആരംഭിച്ചതോടെ പ്രതിയായ പത്മരാജനെ കാണാതായിരുന്നു. പിന്നീട് ഇയാള്‍ അറസ്റ്റിലായെങ്കിലും പീഡനം നടന്നിട്ടില്ലെന്നും പോക്സോ കേസ് നിലനില്‍ക്കില്ലെന്നുമായിരുന്നു പൊലീസിന്‍റെ കുറ്റപത്രം.
ഇത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിലാണ് പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയത്.