കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ പ്രതിപക്ഷ ഭരണപക്ഷ പോര് മുറുകുന്നു. കോർപ്പറേഷനിലെ തകർന്ന റോഡുകളെ ചൊല്ലിയാണ് സിപിഎം പ്രതിഷേധം തുടങ്ങുന്നതെങ്കിലും ലക്ഷ്യം കണ്ണൂർ മണ്ഡലത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിന് സജ്ജമാക്കുക എന്നതാണ്. ബ്രഹ്മപുരം പുകയുടെ പശ്ചാത്തലത്തിൽ പ്രതിരോധത്തിലായതിനാലാണ് സിപിഎം കണ്ണൂർ കോർപ്പറേഷനിൽ റോഡിൽ പൈപ്പിടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം പ്രതിഷേധത്തിലേക്ക് കൊണ്ട് ചെന്ന് എത്തിച്ചത്.
യുഡിഎഫ് ഭരണത്തിൽ കണ്ണൂർ കോർപ്പറേഷനിൽ വികസനമില്ല എന്നതാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. എല്ലാത്തിലും അഴിമതി ആണെന്നും ഇവർ ആരോപിക്കുന്നു. കോർപ്പറേഷനകത്തെ റോഡുകൾ തകർന്നത് മൂലം നിരന്തരമായി അപകടങ്ങൾ ഉണ്ടാകുന്നു. നിരന്തരമായി സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്ന യുഡിഎഫ് കോർപറേഷനകത്ത് ചെയ്യുന്നതെല്ലാം അഴിമതിയാണ്.
ജവഹര്‍ സ്‌റ്റേഡിയത്തെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ്. 92 ലക്ഷം രൂപയാണ് കക്കാട് പുഴ സംരക്ഷണത്തിന് ചെലവഴിച്ചത്. എന്നാൽ അവിടെ ഒന്നും നടന്നില്ല. കോർപ്പറേഷനകത്ത് തെരുവ് നായ ശല്യവും വർധിക്കുകയാണ്. കൗൺസിലർമാരെ ഉൾപ്പെടെ ആക്രമിക്കുന്ന സാഹചര്യമുണ്ടായി. ഇതിനെതിരെയും ഒരു നടപടിയും ഉണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് എൻ.സുകന്യ പറഞ്ഞു.
എൽഡിഎഫ് സർക്കാർ മുൻകൈയെടുത്ത് സംസ്ഥാനത്തെ ഗെയിൽ പാചകവാതക പൈപ്പ് ലൈൻ സ്ഥാപിച്ചെങ്കിലും കണ്ണൂർ കോർപ്പറേഷൻ ഭരണ സമിതി തടസം നിന്നു. ഈ പദ്ധതിയുടെ പേര് പറഞ്ഞ് ഒമ്പത് റോഡുകളുടെ നിർമാണം തടസപ്പെടുത്തിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നു.
സിപിഎമ്മിന്‍റേത് സമര നാടകം: എന്നാൽ കണ്ണൂര്‍ കോര്‍പ്പറേഷനെതിരെ ദുരാരോപണങ്ങള്‍ ഉന്നയിച്ച് സമരം നടത്താന്‍ തുനിയുന്ന സിപിഎം കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് കോർപ്പറേഷന്‍റെ വാദം. കോര്‍പ്പറേഷന്‍ പരിധിയിലെ താളിക്കാവ്, കാനത്തൂര്‍ ഡിവിഷനുകളിലെ റോഡുകള്‍ മലിനജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ നെറ്റ്‌വര്‍ക്ക് പ്രവൃത്തിക്കായാണ് കുഴിച്ചത്.
മാര്‍ച്ച് 31 നുള്ളില്‍ അവ പുനസ്ഥാപിക്കുമെന്ന് മേയര്‍ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. അത് പ്രകാരം പ്രവൃത്തികള്‍ നടന്നുവരികയുമാണ്. പ്രവൃത്തി സമയബന്ധിതമായി നടക്കുന്നു എന്ന് മനസിലാക്കിയപ്പോള്‍ സിപിഎം സമര നാടകവുമായി രംഗത്ത് വരികയാണ് എന്നും യുഡിഎഫ് നേതൃത്വം തിരിച്ചടിച്ചു.
ജവഹര്‍ സ്റ്റേഡിയം ചുളുവില്‍ സ്പോര്‍ട്‌സ് കൗണ്‍സിലിന്‍റെ പിടിയിലാക്കാനുള്ള ഗൂഢതന്ത്രം മനസിലാക്കിയാണ് കിഫ്ബി ഫണ്ട് വഴിയുള്ള പദ്ധതി നടപ്പിലാക്കാത്തത്. കോര്‍പ്പറേഷന്‍റെ കഴിഞ്ഞ തവണത്തെ എല്‍ഡിഎഫ് ഭരണ സമിതി വരെ ഈ നിര്‍ദേശം നിരാകരിച്ചതുമാണ്. ഇപ്പോള്‍ കോര്‍പ്പറേഷന്‍റെ ഫണ്ടുപയോഗിച്ച് അവിടെ നിര്‍മാണ പ്രവൃത്തികള്‍ നടന്നുവരികയാണ്.
തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിന് വേണ്ടി ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന എബിസി പദ്ധതിയുടെ അവസ്ഥ എന്താണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റിനോട് ചോദിക്കണമെന്നും ഡിസിസി നേതൃത്വം പറഞ്ഞു. ഇതിനായി നല്‍കേണ്ട വിഹിതം കോര്‍പ്പറേഷന്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പോലും തെരുവ് നായ്ക്കളുടെ കാര്യത്തില്‍ വ്യക്തമായ ധാരണയില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് എന്നും യുഡിഎഫ് പറയുന്നു.
കേരളത്തിൽ യുഡിഎഫ് ഭരിക്കുന്ന ഏക കോർപ്പറേഷൻ കൂടിയാണ് കണ്ണൂർ. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ തങ്ങളുടെ ശക്തി കേന്ദ്രമായ മണ്ഡലത്തിൽ പ്രതിഷേധം കടുപ്പിക്കാൻ തന്നെ ആണ് സിപിഎം തീരുമാനം.
ALSO READ: ബ്രഹ്മപുരം തീപിടിത്തം : കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണൽ