കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ തന്നെ രാഷ്ട്രീയ കേരളത്തില്‍ ചർച്ചയാണ് കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലം. ആദ്യം മറ്റൊരു സുരക്ഷിത മണ്ഡലം തേടിയ സിറ്റിങ് എംഎല്‍എയും മുസ്ലീംലീഗ് നേതാവുമായ കെഎം ഷാജി മണ്ഡലത്തില്‍ വീണ്ടും സജീവമായതോടെയാണ് അഴീക്കോട് വീണ്ടും ചർച്ചകളില്‍ നിറയുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക കൺവെൻഷൻ വിളിച്ച കെഎം ഷാജി എതിരാളികളെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ഉടൻ തന്നെ മറുപടിയുമായി സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ രംഗത്ത് എത്തി.
" "ആരുണ്ടിവിടെ കാണട്ടെ" എന്ന മട്ടിലുള്ള ഈ വീരവാദം ജനങ്ങളോടും കൂടിയാണ്. ഷാജി അഴിമതി നടത്തി പണം സ്വന്തം കീശയിലാക്കി എന്നത് ലീഗുകാരാണ് തുറന്ന് പറഞ്ഞത്. തെരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് കോടതി ആറ് വർഷത്തേക്ക് അയോഗ്യത കല്പിച്ച ആളാണ് പലരെയും അഴീക്കോട്ടെക്ക് വെല്ലുവിളിക്കുന്നതെന്നായിരുന്നു ജയരാജന്‍റെ വിമര്‍ശനം. മൊത്തത്തിൽ കുടുങ്ങി നിൽക്കുന്ന ഷാജിയുടെ വെല്ലുവിളിക്ക് ജനം മറുപടി നൽകുമെന്നും ജയരാജൻ പറഞ്ഞു". പി ജയരാജൻ മത്സരിക്കാൻ വന്നാൽ മത്സരിച്ച് അതുവഴി പോകും എന്നായിരുന്നു കെഎം ഷാജിയുടെ പരിഹാസം. കഴിഞ്ഞ തവണ എംവി നികേഷ് കുമാറിനെയും അതിന് മുമ്പ് പ്രകാശൻ മാസ്റ്ററെയും പരാജയപ്പെടുത്തിയാണ് കെഎം ഷാജി അഴീക്കോട് നിന്ന് രണ്ട് തവണ നിയമസഭയിലെത്തിയത്.
അഴീക്കോട് ഇത്തവണ ആരാകും എല്‍ഡിഎഫ് സ്ഥാനാർഥി എന്നറിയാൻ രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അഴീക്കോട് മണ്ഡലത്തില്‍ തന്നെ മത്സരിക്കും എന്ന് കെഎം ഷാജി ഉറപ്പിച്ച് പറയുമ്പോൾ കണ്ണൂരിലെയും അഴീക്കോട്ടെയും തെരഞ്ഞെടുപ്പ് പോരാട്ടം കനക്കുമെന്നുറപ്പാണ്. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിച്ചെന്ന കേസില്‍ വിജിലൻസ് അന്വേഷണം നേരിടുകയാണ് കെഎം ഷാജി.