കണ്ണൂർ: സിപിഎം വിട്ട എംവി രാഘവനെ വിജയിപ്പിച്ച മണ്ഡലം. എംവി രാഘവനെ മലർത്തിയടിച്ച് ഇപി ജയരാജനെ നിയമസഭയിലെത്തിച്ചും അഴീക്കോട് മണ്ഡലം കേരള രാഷ്ട്രീയത്തില്‍ ചർച്ചാ കേന്ദ്രമായി. നിർദിഷ്ട അഴീക്കൽ തുറമുഖവും വിവിധ വ്യവസായ കേന്ദ്രങ്ങളും ഉൾപ്പെടുന്ന അഴീക്കോട് മണ്ഡലം 1977-ലാണ് രൂപംകൊള്ളുന്നത്. പുനക്രമീകരണത്തില്‍ ഇല്ലാതായ മാടായി മണ്ഡലത്തിന്‍റെയും പിന്നീട് വന്ന കല്യാശ്ശേരി മണ്ഡലത്തിന്‍റെയും ഭാഗമായിരുന്നു അഴീക്കോട്. 2008-ൽ വീണ്ടും മണ്ഡല പുനർ നിർണയത്തിലൂടെ അഴീക്കോട് നിയമസഭാ മണ്ഡലത്തിന്‍റെ അതിർത്തികളില്‍ വീണ്ടും മാറ്റം വന്നു.
മണ്ഡലത്തിന്‍റെ ചരിത്രം
1977ൽ മണ്ഡലം രൂപീകൃതമായ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ചടയൻ ഗോവിന്ദനാണ് വിജയിച്ചത്. പിന്നീട് 1980, 1982 വർഷങ്ങളിൽ സിപിഎമ്മിലെ പി ദേവൂട്ടി അഴീക്കോട് നിന്ന് നിയമസഭയിലെത്തി. 1987ൽ സിപിഎം വിട്ട എംവി രാഘവൻ സിഎംപി രൂപീകരിച്ച് മണ്ഡലം യുഡിഎഫിന് അനുകൂലമാക്കി. 1991ല്‍ എംവി രാഘവനെ തോല്‍പ്പിച്ച് ഇപി ജയരാജൻ മണ്ഡലം വീണ്ടും ഇടതുപക്ഷത്തേക്ക് അടുപ്പിച്ചു. 1996ല്‍ ജയിച്ച സിപിഎം നേതാവ് ടികെ ബാലൻ 2001ലും നിയമസഭയിലെത്തി. പക്ഷേ 2005ല്‍ ടികെ ബാലൻ മരിച്ചതിനെ തുടർന്ന് നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ എം പ്രകാശൻ ജയിച്ചു. 2006ലും എം പ്രകാശൻ സിപിഎം ടിക്കറ്റില്‍ നിയമസഭയിലെത്തി. പക്ഷേ 2011ല്‍ മണ്ഡല പുനക്രമീകരണത്തിന് ശേഷം നടന്ന തെരഞ്ഞടുപ്പില്‍ മുസ്ലീംലീഗിലെ യുവനേതാവ് കെഎം ഷാജി അഴീക്കോടിനെ യുഡിഎഫ് മണ്ഡലമാക്കി മാറ്റി. 2016ല്‍ അതിശക്തമായ പോരാട്ടം നടന്നപ്പോൾ എംവി രാഘവന്‍റെ മകൻ നികേഷ് കുമാറിനെ തോല്‍പ്പിച്ച് കെഎം ഷാജി വീണ്ടും നിയമസഭയിലെത്തി.
അഴീക്കോടിന്‍റെ സ്വഭാവം
2008-ലെ മണ്ഡല പുനർനിർണ്ണയത്തിന് മുമ്പ് കണ്ണൂർ താലൂക്കിലെ അഴീക്കോട്, വളപട്ടണം, തളിപ്പറമ്പ് താലൂക്കിലെ മാട്ടൂൽ, ചെറുകുന്ന്, കണ്ണപുരം, കല്ല്യാശ്ശേരി, നാറാത്ത്, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു അഴീക്കോട് നിയമസഭാ മണ്ഡലം.
ഇപ്പോൾ കണ്ണൂർ താലൂക്കിലെ അഴീക്കോട്, ചിറക്കൽ, പള്ളിക്കുന്ന്, വളപട്ടണം, പുഴാതി, നാറാത്ത്, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് പുതിയ അഴീക്കോട് നിയമസഭാമണ്ഡലം. ഇതിൽ പുഴാതി, പള്ളിക്കുന്ന് പഞ്ചായത്തുകളുടെ ചില ഭാഗങ്ങൾ കണ്ണൂർ കോർപ്പറേഷനിലേക്കു മാറി.
ആകെ 171842 വേട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 79043 പുരുഷ വോട്ടർമാരും 92798 സ്ത്രീകളും ഉൾപ്പെടും. ഒരു ഭിന്നലിംഗ വോട്ടറും അഴീക്കോടുണ്ട്. ഒന്നര ലക്ഷത്തിൽ അധികം വേട്ടർമാരുള്ള മണ്ഡലത്തിൽ സ്ത്രീ വോട്ടർമാരാണ് കൂടുതൽ.
നിയമസഭാ തെരഞ്ഞെടുപ്പ് 2016
![constituency analysis നിയമസഭാ തെരഞ്ഞെടുപ്പ്ർ assembly election assembly election 2021 നിയമസഭ തെരഞ്ഞെടുപ്പ് 2021 UDF LDF BJP യുഡിഎഫ് എൽഡിഎഫ് ബിജെപി തെരഞ്ഞെടുപ്പ് ചിത്രം](https://etvbharatimages.akamaized.net/etvbharat/prod-images/azhikode-2016-gfx_0303newsroom_1614766861_906.png)
2016ൽ സിറ്റിങ് എംഎൽഎയും യൂത്ത് ലീഗ് നേതാവുമായിരുന്ന കെ എം ഷാജിയെ തോൽപ്പിക്കാൻ എൽഡിഎഫ് പ്രമുഖ മാധ്യമപ്രവർത്തകനും എംവി രാഘവന്‍റെ മകനുമായ എംവി നികേഷ്‌കുമാറിനെയാണ് ഇറക്കിയത്. എന്നാൽ അഴീക്കോട്ട് ഒരു അട്ടിമറി പ്രതീക്ഷിച്ചവരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി 2,287 വേട്ടുകളുടെ ഭൂരിപക്ഷത്തിൽ ഷാജി തന്നെ വിജയിച്ചു. കെഎം ഷാജി 63082 വോട്ട് നേടിയാണ് എൽഡിഎഫ് സ്ഥാനാർഥി എംവി നികേഷ്‌കുമാറിനെ തേൽപ്പിച്ചത്. 60,795 വോട്ടുകളാണ് നികേഷ് കുമാർ നേടിയത്. ബിജെപിയുടെ എവി അശോകൻ 12580 വോട്ടുകളും നേടിയിരുന്നു.
![constituency analysis നിയമസഭാ തെരഞ്ഞെടുപ്പ്ർ assembly election assembly election 2021 നിയമസഭ തെരഞ്ഞെടുപ്പ് 2021 UDF LDF BJP യുഡിഎഫ് എൽഡിഎഫ് ബിജെപി തെരഞ്ഞെടുപ്പ് ചിത്രം](https://etvbharatimages.akamaized.net/etvbharat/prod-images/azhikode-mla-gfx_0303newsroom_1614766861_370.png)
തദ്ദേശ തെരഞ്ഞെടുപ്പ് 2020
തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെയുള്ള ഏഴ് പഞ്ചായത്തുകളിൽ നാല് പഞ്ചായത്തുകൾ യുഡിഎഫിനൊപ്പം നിന്നു. എൽഡിഎഫിന് മൂന്ന് പഞ്ചായത്തുകളും ലഭിച്ചു. വളപട്ടണം, പാപ്പിനിശ്ശേരി, പള്ളിക്കുന്ന്, പുഴാതി പഞ്ചായത്തുകൾ യുഡിഎഫ് വിജയിച്ചപ്പോൾ അഴീക്കോട്, ചിറക്കൽ, നാറാത്ത് പഞ്ചായത്തുകളാണ് എൽഡിഎഫിനൊപ്പം നിന്നത്.
![constituency analysis നിയമസഭാ തെരഞ്ഞെടുപ്പ്ർ assembly election assembly election 2021 നിയമസഭ തെരഞ്ഞെടുപ്പ് 2021 UDF LDF BJP യുഡിഎഫ് എൽഡിഎഫ് ബിജെപി തെരഞ്ഞെടുപ്പ് ചിത്രം](https://etvbharatimages.akamaized.net/etvbharat/prod-images/azhikode-lsg-gfx_0303newsroom_1614766861_878.png)
നിയമസഭാ തെരഞ്ഞെടുപ്പ് 2021
സിറ്റിങ് സീറ്റായ അഴീക്കോട് വീണ്ടും മത്സരിക്കാൻ താത്പര്യമില്ലെന്ന് കെഎം ഷാജി മുസ്ലീം ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരിം ചേലേരിയുടെ പേരാണ് ലീഗ് പരിഗണിക്കുന്നത് പറയുന്നുണ്ട്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെവി സുമേഷ്, ജനാധിപത്യമഹിളാ അസോസിയേഷന്‍ ദേശീയ ജോ. സെക്രട്ടറി എന്‍ സുകന്യ എന്നിവരുടെ പേരുകളെല്ലാം എല്‍ഡിഎഫില്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്. പരമാവധി വോട്ടുകൾ നേടി മണ്ഡലത്തിലെ സ്വാധീനം ശക്തമാക്കുന്നതിനെ കുറിച്ചാണ് ബിജെപി ചിന്തിക്കുന്നത്.