കണ്ണൂർ : വർഷങ്ങൾക്ക് ശേഷം കേരളത്തിന്‍റെ കടൽഭാഗത്ത് മത്തിയുടെയും അയലയുടെയും ലഭ്യതയിൽ വർധന. മലയാളിയുടെ ഇഷ്‌ട മത്സ്യങ്ങളായ മത്തിയും അയലയും കേരളത്തിന്‍റെ തീരക്കടലിനെ ഉപേക്ഷിക്കുകയാണെന്ന മുൻ വർഷങ്ങളിലെ ആശങ്ക ഇക്കുറിയില്ല.
ചാകരയെന്ന അത്യപൂർവ പ്രതിഭാസം ഇടക്കിടെയുണ്ടാകുന്ന തീരമായിരുന്നു കേരളത്തിന്‍റേത്. എന്നാൽ ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും മലിനീകരണവുമടക്കമുള്ള നിരവധിയായ കാരണങ്ങളാല്‍ അറേബ്യൻ ഉൾക്കടലിലും പ്രശ്നങ്ങള്‍ കാണപ്പെട്ടു. ഇതിന്‍റെ പ്രതിഫലനമെന്നോണം കഴിഞ്ഞ ഒരു ദശകമായി മത്തിയുടെയും അയലയുടെയും ലഭ്യതയില്‍ കുറവുണ്ടായി.
ഈ ആശങ്കകൾക്കിടയിലാണ് ആശ്വാസമായി ഇക്കുറി ഇവയുടെ ലഭ്യതയിൽ വർധനവുണ്ടായിരിക്കുന്നത്. അതേസമയം ഇതിന്‍റെ പ്രയോജനം തൊഴിലാളികൾക്ക് ലഭ്യമാകാത്ത സാഹചര്യമാണുള്ളത്. മംഗലാപുരത്തടക്കമുള്ള കമ്പനികൾ പണം നൽകാൻ വൈകുന്നതാണ് ഇതിന് ഒരു കാരണമെന്നാണ് എട്ടിക്കുളം പാലക്കോട്ടെ മത്സ്യത്തൊഴിലാളികൾ പറയുന്നത്.
വന്‍കിട വിദേശ ട്രോളറുകൾ കടലരിച്ച് മീൻപിടിച്ച ശേഷവും കേരള തീരത്തെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്ക് മത്തിയും അയലയും ആവശ്യത്തിന് ലഭിക്കുന്നു എന്നത് ആശ്വാസകരമാണ്. എന്നാൽ തൊഴിലാളികൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് നൽകാൻ സർക്കാരിന്‍റെ കൈത്താങ്ങ് അനിവാര്യമാണെന്ന് ഈ രംഗത്ത് ഉപജീവനം കണ്ടെത്തുന്നവര്‍ വ്യക്തമാക്കുന്നു.