കണ്ണൂർ: ലോക്ക് ഡൗണില്‍ അകപെട്ട കലാകാരന്മാർ നാട്ടിലേക്ക് തിരിച്ചു. തലശ്ശേരി ടെമ്പിൾ ഗേറ്റ് ജഗന്നാഥ ക്ഷേത്രോത്സവത്തിന് എത്തിയ പാലക്കാട്ടെ ഡി.ജെ.അമ്യൂസ്‌മെന്‍റ് പാർക്ക് ട്രൂപ്പിലെ 27 ഓളം പേരാണ് നാട്ടിലേക്ക് മടങ്ങിയത്. ലോക്ക് ഡൗണിനെ തുടർന്ന് 80 ദിവസമാണിവർ ക്ഷേത്രവയലിൽ തങ്ങിയത്. സംഘത്തിൽ ഒരു വനിതയടക്കം മൂന്ന് പേരാണ് മലയാളികളായിട്ടുള്ളത്. മറ്റുള്ളവർ ഇതര സംസ്ഥാനക്കാരാണ്. ആകാശത്തൊട്ടിൽ, മരണ കിണർ, കുട്ടികളുടെ തീവണ്ടി, മാജിക്ക് ഷോ തുടങ്ങിയവയാണ് ഇവര്‍ പ്രദർശിപ്പിക്കുന്നത്.
നേരത്തെ കണ്ണുർ കാട്ടാമ്പള്ളിയിലെ ആണ്ട് നേർച്ച സ്ഥലത്തായിരുന്നു. മാർച്ച് അഞ്ചിനാണ് സംഘം തലശ്ശേരിയിലെത്തിയത്. മാർച്ച് ആറിന് ഉത്സവം തുടങ്ങി. അടുത്ത ദിവസം മുതൽ സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ ഉത്സവത്തിലും വിനോദപരിപാടികളിലും നിയന്ത്രണമേർപ്പെടുത്തി. സ്റ്റാളുകള്‍ അടച്ചിടേണ്ടി വന്നു. അന്നു മുതൽ വരുമാനം നിലച്ചു. ഉടമ ദിനേശൻ എത്തിച്ചു നൽകുന്ന ധനസഹായം കിട്ടുന്നത് കാരണം നിത്യ ചിലവ് നിർവ്വഹിക്കപ്പെടുന്നതായി മാനേജർ മാവേലിക്കര സ്വദേശി ഡാനിയേൽ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ ടെന്‍റുകളില്‍ വെള്ളം കയറിരുന്നു. തുടർന്ന് ക്ഷേത്ര കമ്മിറ്റിക്കാരുടെ സഹായത്തോടെ ഇവരെ ശ്രീനാരയണ ഹാളിലേക്ക് മാറ്റി. ലക്ഷങ്ങളുടെ നഷ്‌ടം സഹിച്ചാണ് ഇവരുടെ മടക്കയാത്ര.