കണ്ണൂർ: കളരി ചരിത്രത്തില്‍ പറഞ്ഞു കേട്ട ചതി കഥകള്‍ക്ക് ജീവിച്ചിരിക്കുന്ന ഉദാഹരണമായി ഒരു ഗുരുക്കൾ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. 'വട്ടേന്‍ തിരിപ്പ്' എന്ന കളരി മുറകൾ സ്വായത്തമാക്കിയ ജീവിച്ചിരിക്കുന്ന ഏക ആചാര്യനും പയ്യന്നൂര്‍ തായിനേരിയിലെ സി.എസ്. കളരി സംഘം സ്ഥാപകനുമായ പി.പി. നാരായണന്‍ ഗുരുക്കളാണ് ആ വ്യക്തി.
ശിഷ്യന്‍റെ ചതിക്ക് ഇരയായെന്ന ആരോപണവുമായാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഫോക്‌ലോർ അക്കാദമിയുടെ 2019ലെ ഫെലോഷിപ്പ് നേടിയതിന്‍റെ സന്തോഷം പങ്കുവയ്‌ക്കുന്നതിനിടയിലാണ് അദ്ദേഹം തനിക്ക് പറ്റിയ ചതിക്കഥ തുറന്ന് പറഞ്ഞത്. കളരിക്കായി തന്‍റെ ജീവിതം മാറ്റി വച്ച വ്യക്തിയാണ് പയ്യന്നൂര്‍ തായിനേരിയിലെ നാരായണന്‍ ഗുരുക്കള്‍. താൻ വശത്താക്കിയ വിദ്യ വരും തലമുറക്ക് നൽകുന്നതിന് വേണ്ടി വര്‍ഷങ്ങള്‍ എടുത്താണ് ഇദ്ദേഹം വട്ടേന്‍ തിരിപ്പ് കളരി സമ്പ്രദായത്തിന്‍റെ ഓരോ ചുവടുകളും വായ്‌താരികളും സസൂഷ്‌മം എഴുതി തയ്യാറാക്കിയത്. കാലങ്ങളായി തന്‍റെ ഗുരുക്കൻമാരായ പീച്ചാളി നാരായണന്‍ ഗുരുക്കളെയും എന്‍.വി. കൃഷ്‌ണൻ ഗുരുക്കളെയും പിന്തുടർന്നാണ് അദ്ദേഹം ഇതിന് വേണ്ട വിവരങ്ങൾ ശേഖരിച്ചിരുന്നത്. മെയ്‌ത്താരി, കോല്‍ത്താരി, അങ്കത്താരി, വെറുംകൈ എന്നിങ്ങനെ കളരിയുടെ എല്ലാ മേഖലകളിലും വട്ടേന്‍തിരിപ്പിന് അതിന്‍റേതായ സവിശേഷത ഉണ്ട്. ഈ സമ്പ്രദായത്തെ പറ്റിയുള്ള വിവരങ്ങൾ തന്‍റെ കാലശേഷം അന്യം നിന്നുപോകരുത് എന്ന ചിന്തയിലാണ് ഗുരുക്കള്‍ അതില്‍ ഓരോന്നിന്‍റെയും ചുവടുകളും നീക്കങ്ങളും എങ്ങനെയെന്ന് വിശദമാക്കുന്ന പുസ്‌തകത്തിന്‍റെ രചനയിലേക്ക് കടന്നത്.
അക്കാലത്താണ് ഗുരുക്കളുടെ അടുത്ത് ചികിത്സ പഠിക്കാനായി തളിപ്പറമ്പില്‍ പട്ടുവത്ത് നിന്നുള്ള ആഷിഖ് എന്ന വ്യക്തി എത്തുന്നത്. ഗുരുക്കളുമായി അതിവേഗം അടുത്ത ആഷിഖ്, വട്ടേന്‍ തിരിപ്പിനെക്കുറിച്ചുള്ള പുസ്‌തകം പ്രസിദ്ധീകരിക്കാമെന്ന് ഉറപ്പ് നൽകി എഴുതിതീര്‍ത്ത ഭാഗം കൈക്കലാക്കി എന്നാണ് ഗുരുക്കളുടെ ആരോപണം. അതിന്‍റെ ചെലവിനായി 80,000 രൂപയും കൈപ്പറ്റിയിരുന്നതായി നാരായണൻ ഗുരുക്കൾ പറഞ്ഞു. ഗുരുക്കളുടെ ശിഷ്യന്‍മാരും സാംസ്‌കാരിക പ്രവർത്തകരും മുന്‍കൈയെടുത്ത് 2018 ഫെബ്രുവരി 11ന് പുസ്‌തകപ്രകാശനം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ പോസ്‌റ്ററിൽ ഉൾപ്പെടുന്നതിന് കവര്‍ ചിത്രം ആവശ്യപ്പെട്ടപ്പോള്‍ ആഷിഖ് അയച്ചു നല്‍കിയ പുസ്‌തകത്തിൽ രചയിതാവിന്‍റെ പേര് ഉണ്ടായിരുന്നില്ല. പിന്നീട് പ്രസാധകരോട് അന്വേഷിച്ചപ്പോഴാണ് ഗുരുക്കള്‍ അച്ചടിക്കാന്‍ നല്‍കിയ പുസ്‌തകമല്ല പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹത്തെ കുറിച്ച് പത്രമാസികകളില്‍ വന്ന ഫീച്ചറുകള്‍, പയ്യന്നൂരിലെ വിവിധ ക്ഷേത്രങ്ങളുടെ കുറിപ്പുകള്‍, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ സുവനീറാണ് പ്രസിദ്ധീകരിക്കാന്‍ നല്‍കിയതെന്നും അറിയാന്‍ കഴിഞ്ഞു. ഇതോടെ പുസ്‌തക പ്രകാശനം മാറ്റി വച്ചു.
മധ്യസ്ഥരുടെ ഇടപെടലില്‍ ഗുരുക്കളില്‍ നിന്നും വാങ്ങിയ തുക തിരികെ നല്‍കിയെങ്കിലും കൈയെഴുത്ത് പ്രതി തിരികെ നല്‍കിയില്ല. അത് നഷ്‌ടപ്പെട്ടു പോയെന്ന് ആഷിഖ് ഗുരുക്കളോട് പറഞ്ഞതായാണ് വിവരം. കളരിക്കായി സ്വന്തം ജീവിതം മാറ്റി വച്ചിട്ടും ശിഷ്യനാൽ ചതിക്കപ്പെട്ടിരിക്കുകയാണിന്ന് പി.പി. നാരായണന്‍ ഗുരുക്കൾ.