കണ്ണൂർ: മന്ത്രി ഇ.പി ജയരാജന്‍റെ ഭാര്യ പി.കെ ഇന്ദിര കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് കേരള ബാങ്ക് കണ്ണൂർ ശാഖയിലെത്തി ലോക്കർ തുറന്ന സംഭവം വിവാദമാകുന്നു. കൊവിഡ് പരിശോധനയ്ക്കായി സാമ്പിൾ നൽകിയ ശേഷം കഴിഞ്ഞ പത്താം തിയതി മനേജർക്കൊപ്പമാണ് മന്ത്രിയുടെ ഭാര്യ ബാങ്കിലെത്തിയത്. അതിനിടെ ലോക്കറിൻ്റെ താക്കോൽ നഷ്‌ടമായെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ഇതാണ് ആശയക്കുഴപ്പത്തിലേക്കും ആരോപണത്തിലേക്കും വഴി തുറന്നത്. അതേസമയം വ്യക്തിപരമായ ആവശ്യത്തിനാണ് താൻ ബാങ്കിൽ പോയതെന്ന് പി.കെ ഇന്ദിര പ്രതികരിച്ചു. കൊവിഡ് പരിശോധനയുടെ ഭാഗമായി സ്രവ പരിശോധന നടത്തിയ ശേഷമാണ് പോയത്. ഇതിനെ ക്വാറൻ്റൈൻ ലംഘനമായി കാണാനാവില്ല. ഇതുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾ കൊടുക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി.കെ ഇന്ദിര അറിയിച്ചു.
ഇ.പി ജയരാജനും ഭാര്യക്കും പിന്നീട് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ബാങ്കിലെ മൂന്നു ജീവനക്കാർ ക്വാറന്‍റൈനിൽ പോയിരുന്നു. അതിനിടെ മന്ത്രി പത്നിയുടെ ബാങ്ക് സന്ദർശനത്തെ കുറിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് ബാങ്കിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഇത് ബാങ്ക് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.