കണ്ണൂർ: ദേശീയപാതയിൽ ടാങ്കർലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നടാൽ റെയിൽവേ ഗേറ്റ് പരിസരത്തെ സൂര്യ ഹോട്ടലിന് സമീപം നടുക്കണ്ടി ഹൗസിൽ അമലാണ്(26) മരിച്ചത്. വ്യാഴാഴ്‌ച രാത്രി 11.15ഓടെയാണ് സംഭവം .
കണ്ണൂരിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന അമൽ സഞ്ചരിച്ച ബൈക്ക് റോഡരികിലെ പാലമരത്തിലിടിച്ച് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തൊട്ടുപിറകിലെത്തിയ ടാങ്കർ ലോറി അമലിന് മുകളിലൂടെ കയറിയിറങ്ങി. അമൽ തൽക്ഷണം മരിച്ചു.
കൂടെയുണ്ടായിരുന്ന സുഹൃത്ത് വൈഷ്‌ണവിനെ (19) എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കറിന്‍റെ പിറകുവശത്തെ ചക്രങ്ങളാണ് അമലിന് മുകളിലൂടെ കയറിയിറങ്ങിയത്. ചക്രത്തിനടിയിൽ ആൾ കുടുങ്ങിയത് അറിയാതെ ലോറി 200 മീറ്ററോളം മുന്നോട്ടുപോയി. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു. ജെസിബി മെക്കാനിക്കാണ് അമൽ.