കണ്ണൂര്‍: തെരുവുനായകൾ നാട്ടിൽ ഭീകരജീവി ആയ കാലമാണിന്ന്. പേവിഷബാധയും രൂക്ഷമായ തെരുവുനായശല്യവും തുടരുമ്പോൾ പ്രതിവിധി തേടി ഭരണകൂടവും തലയിൽ കൈ വെക്കുകയാണ്. അവിടെയാണ് കണ്ണൂർ മുഴത്തടം സ്വദേശി രാജീവൻ വ്യത്യസ്‌തനാകുന്നത്.
നഗരത്തിൽ എവിടെ തെരുവ് പട്ടികൾ തളർന്ന് കിടക്കുന്നത് കണ്ടാലും ആദ്യം വിളിയെത്തുക രാജീവനിലേക്കാണ്. വളർത്തി ഉപേക്ഷിച്ചതോ പരിക്ക് പറ്റിയതോ ആയ തെരുവ് നായകള്‍ക്കാണ് സ്വന്തം വീട്ടിലെത്തിച്ച് രാജീവന്‍ ചികിത്സയും സംരക്ഷണവും നൽകുന്നത്. തൻ്റെ തറവാട്ടുഭൂമിയായ 60 സെൻ്റ് സ്ഥലത്താണ് രാജീവൻ്റെ പട്ടി സംരക്ഷണ കേന്ദ്രം.
നിലവിൽ 40ഓളം നായകള്‍ രാജീവന്‍റെ സംരക്ഷണത്തിൽ കഴിയുന്നു. ചെറിയ വിലയിൽ ലഭിക്കൂന്ന കോഴിമുട്ടയും പച്ചക്കറികളും വേവിച്ചാണ് പട്ടികൾക്ക് നൽകുക.
തെരുവ് നായകൾക്കുള്ള വാക്‌സിനേഷൻ പ്രവർത്തനങ്ങളിൽ മൃഗസംരക്ഷണ വിഭാഗത്തെ സഹായിക്കാനും രാജീവൻ എത്തുന്നു. തന്‍റെ പ്രവർത്തനങ്ങളിൽ നാട്ടുകാരിൽ നിന്ന് പ്രതിഷേധമുണ്ടെങ്കിലും സർക്കാർ സഹായമുണ്ടായാൽ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്നാണ് രാജീവന്‍റെ അഭിപ്രായം.