കണ്ണൂര്‍: കണ്ണൂര്‍ നഹർ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ വിദ്യാർഥിയെ റാഗിങ് ചെയ്ത കേസിൽ ആറ് സീനിയർ വിദ്യാർഥികള്‍ അറസ്‌റ്റില്‍. സീനിയർ വിദ്യാർഥികളായ ടി മുഹമ്മദ് റാഷദ്, കെ എം മുഹമ്മദ് തമീം, അബ്ദുല്‍ ഖാദർ, മുഹമ്മദ് മുസമിൽ, മുഹമ്മദ് മുഹദിസ്, മുഹമ്മദ് സഫ്വാൻ എന്നിവരെയാണ് റാഗിങ് നിരോധന നിയമം അനുസരിച്ച് അറസ്റ്റു ചെയ്തത്.
റാഗിങ് നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. റാഗിങ് നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയതിനെ തുടര്‍ന്ന് പ്രതികൾക്ക് ജാമ്യം ലഭിക്കാനിടയില്ല. കേസിൽ പ്രതികളായതോടെ കോളജ് അധികൃതര്‍ക്കും വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കേണ്ടിവരും.
ഒളിവിലായിരുന്ന പ്രതികള്‍ വീട്ടിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചയോടെ പൊലീസെത്തി പിടികൂടുകയായിരുന്നു. റാഗിങിനിരയായ അൻഷാദിന്‍റെ മൊഴി, സിസിടിവി ദൃശ്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
നവംബർ അഞ്ചിനാണ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ അൻഷാദിനെ 15 പേരടങ്ങിയ സംഘം ശുചിമുറിയിൽ വച്ച് ക്രൂരമായി മർദിച്ചത്.
Also Read:സംസ്ഥാനത്തെ മിനിമം ബസ് ചാര്‍ജ് പത്തുരൂപയാക്കാന്‍ ആലോചന