കണ്ണൂര്‍: ചെറുപുഴ പാടിച്ചാൽ വാച്ചാലിലെ നാട്ടുകാരുടെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. മൂന്ന് കുട്ടികൾ അടക്കം ഒരു വീട്ടിലെ അഞ്ച് പേര്‍ മരിച്ചു എന്ന വാർത്ത പലരും ഇത് വരെയും ഉൾക്കൊണ്ടിട്ടില്ല. ചെറുവത്തൂർ സ്വദേശി ശ്രീജ, രണ്ടാം ഭർത്താവ് ഷാജി, മക്കളായ സൂരജ് (12) സുജിൻ (8), സുരഭി (6) എന്നിവരാണ് മരിച്ചത്. ശ്രീജയുടെ ആദ്യ ഭർത്താവിലുണ്ടായ മക്കളാണ് മരിച്ച മൂന്ന് പേരും. മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം.
സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു: മരിച്ച ശ്രീജ ഇന്ന് രാവിലെ ആറ് മണിയോടെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നതായി ഡിവൈഎസ്‌പി കെഇ പ്രേമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബ പ്രശ്‌നം ഉള്ളതായി അറിയാമായിരുന്നു. രണ്ടാഴ്‌ച മുൻപ് നടന്ന രണ്ടാം വിവാഹ ശേഷമാണ് തർക്കം രൂക്ഷമായത്. തർക്കപരിഹാരത്തിനായി ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
എന്നാല്‍ ഇന്ന് രാവിലെ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് ശ്രീജ വിളിച്ചിരുന്നു. പക്ഷേ പൊലീസ് സംഭവ സ്ഥലത്ത് എത്തും മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് ഡിവൈഎസ്‌പി കെഇ പ്രേമചന്ദ്രൻ പറഞ്ഞത്. കുട്ടികളെ കൊലപെടുത്തിയതാണോ എന്നത് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ അറിയാൻ സാധിക്കൂ എന്നും ഡിവൈഎസ്‌പി കൂട്ടിച്ചേർത്തു.
ഞെട്ടലോടെ നാട്ടുകാരും ബന്ധുക്കളും: രണ്ടാം വിവാഹ ശേഷം വീട്ടില്‍ തർക്കം പതിവായിരുന്നെങ്കിലും നാടിനെ നടുക്കുന്ന കൂട്ടമരണത്തിലേക്ക് ഇവർ പോകുമെന്ന് നാട്ടുകാരും പ്രതീക്ഷിച്ചില്ല. ചെറുവത്തൂർ സ്വദേശി ആയ ശ്രീജ, മുൻ ഭർത്താവ് സുനിലിന്‍റെ പേരിലുള്ള സ്ഥലത്താണ് വീട് വച്ചു താമസിക്കുന്നത്. ശ്രീജയുടെ പേരിലുള്ള വീടാണിത്. മരിച്ച ഷാജിക്ക് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. ഇരുവരും വിവാഹ മോചനം നേടാതെയാണ് രണ്ടാം വിവാഹം കഴിച്ചത്. തുടർന്നുണ്ടായ തർക്കങ്ങൾ ആകാം മരണകാരണം എന്ന് പ്രദേശവാസികളും പറയുന്നു. ശ്രീജയുടെ കുടുംബവും ഷാജിയുമായുള്ള ബന്ധത്തെയും വിവാഹത്തെയും എതിർത്തിരുന്നു.
സുനിൽ നല്ല നിലയിൽ കുടുംബം മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തി ആണെന്നും സുനിൽ വീട്ടിലേക്ക് വരുമ്പോൾ ശ്രീജ എതിർത്തതായി അറിഞ്ഞിരുന്നെന്നും ശ്രീജയുടെ സഹോദരി രത്നവല്ലി മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാഴ്‌ചക്ക് മുൻപ് സമീപത്തുള്ള അമ്പലത്തിൽ വച്ച് ഇരുവരും വിവാഹിതരാവുകയായിരുന്നു. നാട്ടിലെ ഒരാളാണ് ഇവരെ വിവാഹം കഴിപ്പിക്കാൻ കൂടെ ഉണ്ടായതെന്നും ഇത് സോഷ്യൽ മീഡിയയിൽ കൂടി അറിഞ്ഞതായും രത്നവല്ലി പറയുന്നു.
സുനിലും ശ്രീജയും അടുത്തിടെയാണ് പാടിച്ചാൽ വാച്ചാലിലെ വീട്ടിലേക്ക് താമസം മാറിയത്. ഇതിന് സമീപത്താണ് ഷാജിയുടെ വീട്. വീട് മാറിയതോടെയാണ് സുനിലും ശ്രീജയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായതെന്നും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണം, പരിഹരിക്കാൻ നേതൃത്വം നൽകാമെന്ന് താൻ സുനിലിന് വാക്ക് നൽകിയിരുന്നതായും രത്നവല്ലി പറയുന്നു. എന്നാൽ സുനിൽ പിന്നീട് കാര്യങ്ങൾ അറിയിച്ചില്ല എന്നും, മാർച്ച് മൂന്നിന് ആനിക്കാട് അമ്പലത്തിൽ നടന്ന പരിപാടിയിൽ ഇരുവരും കുട്ടികൾക്കൊപ്പമാണ് വന്നത്. ഇതോടെ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകില്ലെന്നാണ് കരുതിയതെന്നും രത്നവല്ലി പറഞ്ഞു.
ശ്രീജയുടെ അച്ഛൻ ബാലകൃഷ്‌ണനും മകളുമായി ഒരു ബന്ധവും ഉണ്ടായില്ലെന്ന് പറഞ്ഞു. താനും മകളുമായി നിലവിൽ ശ്രീജ താമസിക്കുന്ന വീട്ടിലേക്ക് മാറിയതോടെ യാതൊരുവിധത്തിലുള്ള അടുപ്പവും ഉണ്ടായിരുന്നില്ലെന്നും 73 വയസുള്ള തന്നെ മക്കൾ നോക്കാത്തതിനാൽ ഈ കാരണത്തിൽ മുൻപ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ബാലകൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞു.
കേസ് രജിസ്റ്റര്‍ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹ ബന്ധവുമായി ബന്ധപ്പെട്ട വഴക്കുകളാണോ സംഭവത്തിലേക്ക് നയിച്ചതെന്ന കാര്യങ്ങളുൾപ്പെടെ അന്വേഷിച്ച് വരികയാണ്. നിയമപരമല്ലാത്ത ഒരു ബന്ധത്തിലൂടെ മൂന്ന് പിഞ്ചു കുട്ടികളുടെ ജീവൻ കൂടിയാണ് പൊലിഞ്ഞത്. അഞ്ച് പേരുടെയും മൃതദേഹം പരിയാരം ഗവണ്മെന്‍റ് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മാർട്ടത്തിന് ശേഷം പാടിച്ചാലിൽ സംസ്‌കരിക്കാൻ ആണ് തീരുമാനം.