കണ്ണൂർ: തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ 20ാം നമ്പർ ബൂത്തായ ഇരിങ്ങൽ യുപി സ്‌കൂളിൽ യുവതിക്ക് മൂന്ന് വോട്ടുകൾ. മൂന്ന് ഐഡി കാർഡുകള്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും കള്ളവോട്ടിന് സാധ്യത ഉണ്ടെന്നും യുഡിഎഫ് ആരോപിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പരിയാരം നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.
വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് ഇരിങ്ങൽ 20ാം നമ്പർ ബൂത്തിൽ 22 കാരിയുടെ പേരിൽ 3 വോട്ടുകൾ ചേർത്തതായിശ്രദ്ധയില്‍പ്പെട്ടത്. 2020 നവംബറിൽ പുതുതായി ചേർത്ത വോട്ടേഴ്‌സ് ലിസ്റ്റിലാണ് ഇവര്‍ മൂന്നിടത്ത് ഇടംപിടിച്ചിരിക്കുന്നത്. അച്ഛന്‍റെ പേരും, വീട്ടുപേരും, വയസും, ഫോട്ടോയും ഒന്നുതന്നെയാണ്. എന്നാല്‍ 1140, 1144, 1188 എന്നീ ക്രമ നമ്പറുകളിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് ബിഎൽഒ അടക്കമുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഗുരുതര അനാസ്ഥയാണെന്ന് യുഡിഎഫ് ആരോപിച്ചു.
ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന് യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി പരാതി നൽകിയത്. പരിയാരം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ഇരട്ടവോട്ടുകള്‍ ചേർത്തതായി സംശയം ഉള്ളതിനാൽ കൃത്യമായ പരിശോധന നടത്തണമെന്നാണ് ആവശ്യം.