കണ്ണൂർ: നവമാധ്യമങ്ങളിലെ മ്യൂസിക്കൽ ലൈവ് പ്രോഗ്രാമിലൂടെ ശ്രദ്ധേയയായി 12 വയസുകാരി. ചെറുപുഴ സ്വദേശിനി ഹൃതിക സുധീറിൻ്റെ പാട്ടുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇതിനോടകം നൂറിൽ പരം മ്യൂസിക്കൽ ലൈവ് പ്രോഗ്രാമുകളാണ് ഈ പെൺകുട്ടി ചെയ്‌തത്. മൂന്ന് വർഷമായി മധു നാദബ്രഹ്മയുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ച് വരുന്ന ഹൃതിക സ്‌കൂൾ കലോത്സവത്തിൽ ലളിതഗാനം, കവിത, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, നൃത്തം എന്നീ വിഭാഗങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്.
ലോക് ഡൗൺ കാലത്താണ് നവമാധ്യമങ്ങളിലൂടെ ലൈവ് പ്രോഗ്രാം ചെയ്യാൻ തുടങ്ങിയത്. സംഗീതത്തോടൊപ്പം നൃത്തം, ചിത്രരചന, ബോട്ടിൽ ആർട്ട് പെയിന്‍റിംഗ്, മോഡലിംഗ് എന്നിവയിലും ഹൃതിക മികവ് തെളിയിച്ചിട്ടുണ്ട്. നല്ലൊരു അവതാരിക കൂടിയാണ് ഈ മിടുക്കി. ചെറുപുഴ സെൻറ് ജോസഫ് ഹയർ സെക്കന്‍ററി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ഹൃതികയ്‌ക്ക് എല്ലാ വിധ പിന്തുണയുമായി അച്ഛൻ സുധീറും അമ്മ ഷൈമോളും ഒപ്പമുണ്ട്.