കണ്ണൂർ: ജില്ലയിലെ 11 വാര്‍ഡുകള്‍ കൂടി കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. പുതുതായി കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌ത മയ്യില്‍ (രണ്ട്), മുണ്ടേരി (12), ചൊക്ലി (അഞ്ച്), പട്ടുവം (എട്ട്), തൃപ്പങ്ങോട്ടൂര്‍ (എട്ട്) എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് ഇവിടെ വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തത്. അതിനാൽ തന്നെ, രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങൾ കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കുകയായിരുന്നു.
സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കൂത്തുപറമ്പ് മുൻസിപ്പാലിറ്റി (ആറ്), കോട്ടയം- മലബാർ (രണ്ട്), കുന്നോത്തുപറമ്പ് (എട്ട്), കുഞ്ഞിമംഗലം (12), കോളയാട് (ഏഴ്), പാപ്പിനിശ്ശേരി (18) എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. ജില്ലയിലെ മത്സ്യ മാര്‍ക്കറ്റുകളിലെ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് രണ്ട് വരെ തുടരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.