ഇന്ത്യൻ സേനയ്‌ക്കൊപ്പം നിർത്താതെ ഓടിയ 'സിൽ' ഇനി രാജാക്കാടിന്‍റെ മണ്ണിൽ - ഇടുക്കി രാജാക്കാട്
1966 മോഡൽ റഷ്യൻ നിർമിതമാണ് 'സിൽ' ട്രക്ക്. 1999 മെയ് 8 മുതൽ ജൂലൈ 26 വരെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സേനയോടൊപ്പം വിശ്രമമില്ലാതെ പൊരുതിയ ട്രക്കാണ് ഇത്.
ഇടുക്കി: യുദ്ധ ഭൂമിയിൽ പ്രാണവായു എത്തിച്ചു നൽകാൻ നിയോഗിക്കപ്പെട്ട റഷ്യൻ പടക്കുതിര ഇനി രാജാക്കാടിനു സ്വന്തം. കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സേനയുടെ ഭാഗമായി നിർത്താതെ ഓടിയ റഷ്യൻ നിർമ്മിത 'സിൽ' എന്ന വാഹനമാണ് രാജാക്കാട് വിശ്രമം കൊള്ളുന്നത്. 1999 കാലഘട്ടത്തിൽ കാർഗിലെ ടൈഗർ മലനിരകളിലൂടെ ഓക്‌സിജൻ സിലണ്ടറുമായി യുദ്ധമുഖത്തേക്ക് കുതിച്ചുപാഞ്ഞ 'സിൽ' ഇപ്പോൾ രാജാക്കാടിൻ്റെ അഭിമാനമാണ്.
യുദ്ധഭൂമിയിൽ എന്നപോലെ ഇടുക്കിയുടെ മണ്ണിൽ തലയുയർത്തി ഒരു പോരാളിയെ പോലെ നിൽക്കുകയാണ് 1966 മോഡൽ റഷ്യൻ നിർമിത ട്രക്ക്. രാജാക്കാട്ടെ ലെമൺ ഗ്രാസ് ഹോട്ടലിന് മുൻപിലാണ് വീരപരിവേഷത്തോടെ ഈ യോദ്ധാവ് തലയുയർത്തി നിൽക്കുന്നത്. മിസൈലുകൾ റീഫിൽ ചെയ്യുന്നതിന് ആവശ്യമായ ഓക്‌സിജൻ യുദ്ധമുഖത്ത് എത്തിക്കുക എന്നതായിരുന്നു ഈ ട്രക്കിന്‍റെ ചുമതല.
1999 മെയ് 8 മുതൽ ജൂലൈ 26 വരെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സേനയോടൊപ്പം വിശ്രമമില്ലാതെ പൊരുതി. യുദ്ധത്തിൽ ഇന്ത്യയുടെ ഐതിസാഹസിക വിജയത്തിന് ശേഷം പഞ്ചാബിലെ പത്താൻകോട്ടിലെത്തിച്ച ട്രക്ക് ഇവിഎം ഗ്രുപ്പ് ഉടമ ജോസ് മാത്യു 20 ലക്ഷം രൂപയോളം മുടക്കി ഏറ്റെടുക്കുകയായിരുന്നു. ഇവിഎം ഗ്രുപ്പിന്‍റെ സ്ഥാപനങ്ങൾക്ക് എല്ലാം മുൻപിൽ ഇത്തരത്തിൽ ചരിത്ര പ്രാധാന്യം ഉള്ള വാഹങ്ങൾ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്.
പൊതുജങ്ങൾക്ക് കാണുവാനും അറിയുവാനും വേണ്ടിയാണ് ചരിത്ര പ്രാധാന്യം ഉള്ള വാഹങ്ങൾ ഇത്തരത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത് എന്ന് ലെമൺ ഗ്രാസ് മാനേജർ കെ എം ജോർളി പറഞ്ഞു. യുദ്ധഭൂമിയിലെ റഷ്യൻ പടക്കുതിരയെ കാണുവാനും ഫോട്ടോ എടുക്കുവാനും നിരവധിയാളുകളാണ് ദിനംപ്രതി എത്തുന്നത്. ഇനിയും ഒരു അങ്കത്തിനുള്ള ബാല്യം ഉണ്ടെങ്കിലും നിരത്തിലൂടെ ഓടുവാനുള്ള അനുമതിയില്ലാത്തതിനാൽ ഇടുക്കിയുടെ മണ്ണിൽ വിശ്രമിക്കുകയാണ് 'സിൽ'.