ഇടുക്കി: ഒരു ലോക പരിസ്ഥിതി ദിനം കൂടി കടന്നുപോകുമ്പോൾ പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ഓർമ്മപ്പെടുത്തുകയാണ് അടിമാലി ആയിരമേക്കർ കൊച്ചുകാലായിൽ ബുൾബേന്ദ്രൻ. വംശനാശ ഭീഷണി നേരിടുന്ന തവളകൾക്കു സ്വന്തം പുരയിടത്തിൽ ആവാസകേന്ദ്രം ഒരുക്കിയിരിക്കുകയാണ് ഈ പ്രകൃതി സ്നേഹി. കെഎസ്ആർടിസിയിൽ ഉദ്യോഗസ്ഥനായിരുന്ന ബുൾബേന്ദ്രൻ ജോലി രാജിവെച്ച ശേഷമാണ് തവള സംരക്ഷണത്തിനായി ജീവിതം മാറ്റിവെച്ചത്.
കൗതുകം നിറയുന്ന പാതാള തവള ലോകം: കുടുംബ സ്വത്തായി ലഭിച്ച ഒന്നരയേക്കർ ഭൂമി വനവൽക്കരിക്കുകയും ഫലവൃക്ഷങ്ങൾ നട്ട് പിടിപ്പിച്ചു തവളകളെ സംരക്ഷിക്കുന്നതിനുള്ള ആവാസവ്യവസ്‌ഥ സൃഷ്‌ടിക്കുകയും ചെയ്‌തു. 364 ദിവസവും മണ്ണിനടിയില്‍ ജീവിക്കുന്ന അപൂര്‍വ്വയിനം പാതാള തവളയാണ് ഇതില്‍ ഏറെ കൗതുകം ജനിപ്പിക്കുന്നത്. ആമയുടെ ശരീര ഘടനയോട് സാമ്യമുള്ള ജീവി മഹാബലിത്തവളയാണെന്ന് പഴമക്കാര്‍ പറയുന്നു.
വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗമാണ് പാതാള തവളകൾ. പുതുമഴയില്‍ പുനര്‍ജനിക്കുന്ന നീരൊഴുക്കിനു വേണ്ടി വര്‍ഷത്തിലെ 364 ദിവസവും മണ്ണിന്‍റെ അടിയില്‍ 1.5 മീറ്റര്‍ വരെ ആഴത്തില്‍ കാത്തിരിക്കുന്ന പാതാള തവളകള്‍ മേയ് പകുതിക്കു ശേഷമേ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങൂ. ഇണയെ ആകര്‍ഷിക്കാനുള്ള പ്രത്യേക കരച്ചിലാണ് ആദ്യം തുടങ്ങുക.
കരച്ചില്‍ കേട്ടെത്തുന്ന പെണ്‍തവള ആണിനേയും പുറത്ത് ചുമന്നുകൊണ്ട് തുരങ്കത്തിലൂടെ മണ്ണിനു മുകളിലേക്കു വരും. ഉള്ളില്‍ 2000 മുതല്‍ 4000 വരെ മുട്ടകളുമായി രാത്രി മണ്ണിന് മുകളിലെത്തുന്ന പെണ്‍തവളകള്‍ സുരക്ഷിതമായ ഒരിടം കണ്ടെത്തി പുറത്തുവിടുന്ന മുട്ടകളില്‍ ആണ്‍തവള ബീജം വീഴ്ത്തുന്നതോടെ പ്രജനനം നടക്കും. 7 ദിവസംകൊണ്ട് മുട്ടകള്‍ വിരിഞ്ഞ് രൂപപ്പെടുന്ന വാല്‍മാക്രികള്‍ 110 ദിവസം കൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തി അന്നു തന്നെ മണ്ണിനടിയിലേക്കു പോകും.
പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് വംശം നിലനിര്‍ത്താന്‍ ഇണയുമായി ഇവ പുറത്തു വരും. ചിതലാണ് ഇവയുടെ പ്രധാന ആഹാരം. പാതാള തവളകളിലെ ആണിന് 5 സെന്‍റീമീറ്ററും പെണ്ണിന് 10 സെന്‍റീമീറ്ററും നീളമുണ്ടാകും. ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റിയുടെ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയില്‍ 3-ാം സ്ഥാനക്കാരനാണ് നാസികാ ബത്രാക്കസ് സഹ്യാദ്രിയെന്‍സിസ് എന്ന ശാസ്ത്ര നാമമുള്ള പാതാള തവള.
പുറത്തു വരുന്ന ദിവസം മഴ പെയ്യുന്നു എന്നുള്ളത് ഗവേഷകരെ ഇപ്പോഴും വിസ്‌മയിപ്പിക്കുന്ന കാര്യമാണ്. പാതാള തവളയെ കൂടാതെ പച്ചകോലൻ തവള, ചൊറി തവള, കരിന്തവള തുടങ്ങി വംശനാശ ഭീക്ഷണി നേരിടുന്ന അപൂർവം തവളകളും ഇവിടെ ഉണ്ട്. തവളകൾക്കായി ഏഴോളം കുളങ്ങളും പച്ചതുരുത്തുകളും നിർമ്മിച്ചിട്ടുണ്ട്. തവളകളെ പിടികൂടാൻ എത്തുന്ന നിരവധി പാമ്പുകളും, കീരികളും, ഫലവൃക്ഷങ്ങളെ ആശ്രയിക്കുന്ന പക്ഷികൾ, മലയണ്ണാൻ തുടങ്ങിയ ജീവജാലങ്ങളാൽ സമ്പന്നമാണ് ബുൾബേന്ദ്രന്‍റെ ഭൂമി.