ഇടുക്കി: പള്ളിവാസലില്‍ ഭൂമി കൈയ്യേറ്റം ചോദ്യം ചെയ്ത തേയില തൊഴിലാളികള്‍ക്ക് വെട്ടേറ്റു. കണ്ണന്‍ ദേവന്‍ കമ്പനി ഫീല്‍ഡ് ഓഫിസര്‍ സെബാസ്റ്റ്യന്‍, ജ്യോതിഭായ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മൂന്നാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിവാസലില്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ തേയില തോട്ടത്തിലാണ് സംഭവം നടന്നത്.
രാവിലെ തോട്ടത്തില്‍ തൊഴിലാളികള്‍ തൈകള്‍ നടാനെത്തി. ഈ സമയം കമ്പനിയുടെ ഭൂമി കൈയ്യേറി വേലി കെട്ടിതിരിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. വേലി പൊളിച്ച് മാറ്റുന്നതിനിടയില്‍ പള്ളിവാസല്‍ സ്വദേശികളായ രണ്ട് പേര്‍ ചേര്‍ന്ന് തൊഴിലാളികളെ തടഞ്ഞു. തര്‍ക്കത്തിനിടെ കൈയ്യില്‍ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇവര്‍ തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. തേയില ചെടികള്‍ നടുവാന്‍ മുപ്പതോളം തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ഇവരെ അക്രമികള്‍ വിരട്ടിയോടിച്ചു. സെബാസ്‌റ്റ്യന് മുഖത്തും വലതുകൈക്കും പരിക്കേറ്റു. ജ്യോതിഭായ്ക്ക് കൈപ്പത്തിക്കും കൈകളിലും പരിക്കുണ്ട്. കമ്പനിയുടെ പരാതിയെ തുടര്‍ന്ന് പള്ളിവാസല്‍ സ്വദേശികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.