ഇടുക്കി: മരം മുറിക്കല്‍ കേസില്‍ കര്‍ഷകരെ പ്രതിയാക്കി കേസെടുക്കാനുള്ള നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശ്വാസനം. വിഷയത്തിൽ റെയിഞ്ചോഫിസര്‍മാര്‍, ഫോറസ്റ്റോഫിസര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചു. എന്നാല്‍ കര്‍ഷകരെ പ്രതിയാക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഫോറസ്റ്റ് ഓഫിസർന്മാർ.
ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
2020 ഒക്ടോബര്‍ 24ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് വനം വകുപ്പിന്‍റെ അനുമതിയോടെ മരം മുറിച്ച കര്‍ഷകരെ പ്രതിയാക്കി കേസെടുക്കാനുള്ള വിവാദ നിര്‍ദേശം ആറാം തീയതിയാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഫോറസ്റ്റോഫിസര്‍മാര്‍ക്ക് നല്‍കിയത്.
വിവാദ നിര്‍ദേശത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധവും ഉയര്‍ന്ന് വന്നിരുന്നു. ഇതിനെതിരെ കര്‍ഷകര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കി കേസെടുപ്പിക്കാനുള്ള നീക്കം നടത്തുന്നത്. ഇതിന്‍റെ ഭാഗമായാണ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
നോട്ടീസിന് മറുപടി നൽകി ഉദ്യോഗസ്ഥർ
അനധികൃതമായി മരം മുറിച്ചവര്‍ക്കെതിരെ നിലവില്‍ കേസ് എടുത്തിട്ടുണ്ടെന്നും കര്‍ഷകര്‍ മരം മുറിച്ചിരിക്കുന്നത് അനുമതിയുടെ അടിസ്ഥാനത്തിലാണെന്നും അതിനാല്‍ ഇവർക്കെതിരെ നിയമപരമായി കേസെടുക്കാന്‍ കഴിയില്ലെന്നും ഫോറസ്റ്റോഫിസര്‍മാരും ഉന്നത ഉദ്യോഗസ്ഥരോട് പറയുന്നു. ഇക്കാര്യങ്ങള്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായും നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ അനുമതിയോടെ മരം മുറിച്ച കര്‍ഷകരെ പ്രതിയാക്കാന്‍ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന നീക്കത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്ന് വരികയും വകുപ്പിൽ തന്നെ എതിരഭിപ്രായം ഉയര്‍ന്നിട്ടും ഇത് സംബന്ധിച്ച് വനം വകുപ്പോ, സര്‍ക്കാരോ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
അതേ സമയം സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികളും ഹൈറേഞ്ച് സംരക്ഷണ സമിതിയും.
READ MORE: റോഡ് നിര്‍മാണത്തിന്‍റെ മറവില്‍ മരം മുറിച്ച സംഭവം; അനധികൃതമെന്ന് ജില്ലാ ഭരണകൂടം