ഇടുക്കി : പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം നല്‍കാതെ വിവാഹത്തിലേക്ക് തള്ളിവിടുന്ന പ്രവണത സംസ്ഥാനത്ത് എല്ലായിടത്തുമുണ്ടെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. പട്ടികവര്‍ഗ മേഖലയില്‍ ഇതിന്‍റെ വ്യാപ്‌തി വളരെ കൂടുതലാണെന്നും അവര്‍ പറഞ്ഞു. പട്ടികവര്‍ഗ മേഖല ഇടുക്കി ജില്ലാതല ക്യാമ്പിന്‍റെ ഭാഗമായി മറയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു സതീദേവി (Women's Commission).
പട്ടികവര്‍ഗ മേഖലയിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണം. വിദ്യാഭ്യാസത്തിനിടയില്‍ കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതിന് തടയിടേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ മികച്ച പഠന സൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ഇത് പരമാവധി പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പൈലറ്റ് പരിശീലനം ഉള്‍പ്പടെ ഒരുക്കി നല്‍കി കൈപിടിച്ച് ഉയര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി ഒട്ടനവധി കുട്ടികള്‍ക്ക് പരിശീലനം ലഭിക്കുകയും തുടര്‍ന്ന് ജോലി ലഭിക്കുകയും ചെയ്‌തിട്ടുണ്ടെന്നും പി സതീദേവി കൂട്ടിച്ചേർത്തു.