ഇടുക്കി: നാരക കാനത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കത്തിച്ച സംഭവത്തില്‍ പ്രതിയെ ഇന്നലെ തെളിവെടുപ്പിനെത്തിച്ചു. കുറ്റകൃത്യം നടത്തിയത് എങ്ങനെയെന്ന് യാതൊരു സങ്കോചവുമില്ലാതെയാണ് പ്രതി പൊലീസിനോട് വിവരിച്ചത്. നവംബർ 23 ബുധനാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
നാരക കാനത്ത് കുമ്പിടിയാം മാക്കാൽ ചിന്നമ്മയുടെ വീട്ടിൽ ഉച്ചക്ക് 12.30 ഓടെ പ്രതിയും അയൽവാസിയുമായ വെട്ടിയാങ്കൽ സജി എന്ന് വിളിക്കുന്ന തോമസ് എത്തുകയായിരുന്നു. ചിന്നമ്മയോട് വെള്ളം ചോദിച്ച ശേഷം വെള്ളം എടുക്കുവാൻ അടുക്കളയിൽ പ്രവേശിച്ച ചിന്നമ്മയുടെ മാല പ്രതി പൊട്ടിക്കാൻ ശ്രമിച്ചു. ചിന്നമ്മ എതിർത്തപ്പോൾ പ്രതി അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു. തുടർന്ന് കമ്പിളി എടുത്ത് മൂടിയ ശേഷം തീയിട്ടു. ഈ സമയവും ചിന്നമ്മയ്‌ക്ക് ജീവനുണ്ടായിരുന്നതായും ശേഷം തലയ്‌ക്ക് വീണ്ടും അടിച്ചതായും പ്രതി സമ്മതിച്ചു.
ആദ്യം അപകടം പിന്നെ കൊലപാതകം: ഗ്യാസ് സിലിണ്ടറില്‍ നിന്നും തീ പടര്‍ന്നുണ്ടായ അപകടമെന്ന് ആദ്യം കരുതിയെങ്കിലും പൊലീസ് നടത്തിയ വിശദമായ പരിശോധനയില്‍ വീടിന്‍റെ ചില ഭാഗങ്ങളില്‍ രക്ത കറ കണ്ടതോടെയാണ് കൊലപാതകമാണെന്ന നിഗമനത്തിലെത്തിയത്. തുടര്‍ന്ന് ഇടുക്കി എസ്‌പിയുടെ നിര്‍ദേശ പ്രകാരം കട്ടപ്പന ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുകയും വിശദമായ അന്വേഷണവും ശാസ്‌ത്രീയ പരിശോധനയും നടത്തുകയുമായിരുന്നു. ഇതിനിടയിലാണ് പ്രതി സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മാലയും വളയും പണയം വച്ചതായി വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. ഒരു തെളിവും ലഭിക്കാതിരുന്ന കേസില്‍ 48 മണിക്കൂറുകൊണ്ടാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതിയെ പ്രതിയുടെ വീട്ടിലെത്തിച്ച് തെളിവുകൾ ശേഖരിച്ചു.
പ്രതിയെ വളഞ്ഞ് ജനക്കൂട്ടം: തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ ജനക്കൂട്ടം അസഭ്യവർഷത്തോടെയാണ് പ്രതിയെ നേരിട്ടത്. പൊലീസ് വലയം ഭേദിച്ച് ജനങ്ങൾ പ്രതിയെ മർദിച്ചു. സമീപത്തുള്ള ചില സ്‌ത്രീകളോട് ഇയാൾ മോശമായി പെരുമാറിയതായി പൊലീസിനോട് പറഞ്ഞിരുന്നു. പല സ്ഥലത്തും ഇയാൾ ഹോം നഴ്‌സായും ജോലി ചെയ്‌തിട്ടുണ്ട്.