ഇടുക്കി: തമിഴ്നാട് ബോഡിനായ്ക്കനൂരിൽ വീട്ടില്‍ കയറി ഉപദ്രവം തുടര്‍ന്ന യുവാവിനെ വീട്ടമ്മ സഹിക്കെട്ട് വെട്ടി കൊന്നു. ശാന്തൻപാറ ബി.എൽ റാവ് സ്വദേശി രാജൻ (31) ആണ് കൊല്ലപ്പെട്ടത്. ബി.എൽ റാവിലെ താമസക്കാരിയും തമിഴ്നാട് സ്വദേശിനിയുമായ വളർമതിയെ(38) പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച്ച പുലർച്ചെ ഒരുമണിക്കാണ് സംഭവം.
രണ്ട് തവണ വിവാഹിതനാവുകയും വിവാഹ മോചനം നേടുകയും ചെയ്തയാളാണ് രാജന്‍. സമീപവാസിയായ വളർമതിയെ ഇയാള്‍ മൊബൈലിൽ വിളിച്ച് ശല്ല്യപ്പെടുത്തിയിരുന്നു. വീട്ടിലെത്തിയും രാജന്‍ വളര്‍മതിയെ ശല്യം ചെയ്യുന്നത് പതിവായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ മധ്യസ്ഥ ചര്‍ച്ച നടത്തിയെങ്കിലും വീണ്ടും ഇയാള്‍ ഉപദ്രവം തുടര്‍ന്നു. ഉപദ്രവം സഹിക്കാതെ വളര്‍മതി ബന്ധുവീട്ടിലേക്കും മാറിയെങ്കിലും അവിടെയുമെത്തി രാജന്‍ ഉപദ്രവിച്ചു. അതിനാല്‍ സ്വന്തം വീട്ടില്‍ വളര്‍മതി മടങ്ങിയെത്തി. ഇതറിഞ്ഞ രാജന്‍ വീണ്ടും ശല്യപ്പെടുത്താനെത്തി. രാജന്‍റെ പിന്നിലൂടെയെത്തിയ വളര്‍മതി കണ്ണില്‍ മുളക് പൊടി വിതറിയ ശേഷം കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് വെട്ടുകയായിരുന്നു. പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രാജന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. പത്തോളം വെട്ടുകള്‍ ശരീരത്തിലുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് വളര്‍മതിയേയും വളര്‍ത്തുമകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.