ഇടുക്കി: പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം. വട്ടവട ചിലന്തിയാര്‍ സ്വദേശിനി സംഗീതയാണ്(22) ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
സംഗീതക്ക് പ്രസവ വേദന അനുഭവപ്പെട്ടതോടെ കുടുംബം വട്ടവട കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍ അനു കനിവ് 108 ആംബുലന്‍സിന്‍റെ സേവനം തേടുകയും ആംബുലന്‍സ് പൈലറ്റ് അജുല്‍ കെ.എസ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായ അനില്‍കുമാര്‍ എന്നിവര്‍ യുവതിയുടെ വീട്ടിലെത്തി ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് തിരിക്കുകയുമായിരുന്നു.
എന്നാല്‍ കോവില്ലൂര്‍ ഭാഗത്തെത്തിയപ്പോഴേക്കും യുവതിയുടെ ആരോഗ്യ നില വഷളായി. ഇതോടെ ആംബുലന്‍സിനകത്ത് തന്നെ യുവതിക്ക് പ്രസവിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നു. പ്രസവത്തെ തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.