ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടി എക്കോപോയിന്‍റിന് സമീപം കാട്ടാനയിറങ്ങിയത് മേഖലയില്‍ ഭീതിപടര്‍ത്തി. പടയപ്പ എന്ന വിളിപ്പേരുള്ള ആനയാണ് പ്രദേശത്ത് ഇറങ്ങിയത്. വില്‍പനയ്‌ക്കായി വച്ചിരുന്ന കരിക്കുകളും പച്ചക്കറികളും അകത്താക്കിയ കൊമ്പന്‍ അരമണിക്കൂറാണ് പ്രദേശത്ത് വിലസി നടന്നത്.
എക്കോപോയിന്‍റ് പ്രദേശത്ത് പാര്‍ക്കുചെയ്‌തിരുന്ന നിരവധി ബൈക്കുകൾക്ക് കേടുപാടുകൾ വരുത്തി. തേയില കയറ്റി കൊണ്ടുപോവുകയായിരുന്ന ഫാക്‌ടറിയിലെ ട്രാക്‌ടറിനുനേരെ ആന പാഞ്ഞടുത്തെങ്കിലും തൊഴിലാളികള്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്.
മണിക്കൂറുകളോളമാണ് പ്രദേശത്ത് ഗതാഗത തടസമുണ്ടായത്. പ്രദേശവാസികളും വനപാലകരുമടക്കമെത്തി ഒച്ചവച്ചപ്പോള്‍ അടുത്തുള്ള പുഴകടന്നാണ് ആന വനത്തിലേക്ക് മടങ്ങിയത്. മൂന്നാറില്‍ വന്‍തോതില്‍ വിനോദ സഞ്ചാരികൾ എത്തുന്ന ഇടമാണ് മാട്ടുപ്പെട്ടി എക്കോ പോയിന്‍റ്. തോട്ടം മേഖലയിലടക്കം ഇറങ്ങി നേരത്തേയും വാഹനങ്ങള്‍ക്കും റേഷൻ കടകള്‍ക്കും പടയപ്പ എന്ന ആന നാശനഷ്‌ടങ്ങൾ വരുത്തിയിട്ടുണ്ട്.