ഇടുക്കി : കാട്ടാന ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ശാന്തന്‍പാറ ഫോറസ്‌റ്റ് ഓഫിസിന് മുന്‍പില്‍ സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് പ്രതിഷേധ സമരം. ഉദ്യോഗസ്ഥര്‍ ആനകള്‍ക്ക് ഓമന പേരുകളിട്ട് ആനന്ദം കണ്ടെത്തുകയാണെന്നും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ജനരോഷം സൃഷ്‌ടിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്നും സിപിഎം ജില്ല സെക്രട്ടറി സി.വി വര്‍ഗീസ് ആരോപിച്ചു.
പടയപ്പയെന്ന ഒറ്റയാനെ പ്രകോപിപ്പിച്ചു എന്നുപറഞ്ഞ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത് ശരിയായില്ല. റേഷന്‍ കട പതിനഞ്ച് പ്രാവശ്യം തകര്‍ത്ത ആനയ്ക്ക് അരിക്കൊമ്പനെന്നാണ് പേര്. ഈ അരിക്കൊമ്പന്‍ ഡിഎഫ്ഒയുടെ അളിയനാണോ എന്നും സി.വി വര്‍ഗീസ് ചോദിച്ചു. മരണപ്പെട്ട വനംവകുപ്പ് വാച്ചര്‍ ശക്തിവേലിന്‍റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ജനവാസ മേഖലകളിലേക്ക് കാട്ടാന ഇറങ്ങുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
പ്രതിഷേധം ശക്തമായതോടെ എസിഎഫ് നേരിട്ടെത്തി സിപിഎം ജില്ല സെക്രട്ടറി സി.വി വര്‍ഗീസ് അടക്കമുള്ള നേതാക്കന്മാരുമായി ചര്‍ച്ച നടത്തി. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആരോപണത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എസിഎഫ് വ്യക്തമാക്കി. കാട്ടാന ശല്യം കൂടുതലായ ശാന്തന്‍പാറ പഞ്ചായത്ത് കേന്ദ്രീകരിച്ച് ആര്‍ആര്‍ടി സംഘത്തെ ഉടന്‍ നിയമിക്കുമെന്ന ഉറപ്പും നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
അതേസമയം വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചൊവ്വാഴ്‌ച ചേരുന്ന യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നുമാണ് സിപിഎം ജില്ല നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.