ഇടുക്കി: കാലവർഷം കനത്തതോടെ ഇടുക്കി ജില്ലയിലെ മലയോരമേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. തമിഴ്‌നാട് വനമേഖലയോട് ചേർന്ന് കിടക്കുന്ന ജില്ലയിലെ കാർഷിക മേഖലയിലാണ് ഇവ കൂട്ടമായി എത്തി നാശം വിതയ്ക്കുന്നത്.
കാട്ടാനശല്യത്തിൽ വലഞ്ഞ് അണക്കരമെട്
അണക്കരമെട്ടില്‍ എത്തിയ കാട്ടാനക്കൂട്ടം ഏലം, ഏത്തവാഴ, കമുക് തുടങ്ങിയ നിരവധി കാര്‍ഷിക വിളകൾ നശിപ്പിച്ചതായി കർഷകർ പറയുന്നു. മേഖലയിലെ നാല് കര്‍ഷകരുടെ കൃഷിയിടങ്ങളാണ് കഴിഞ്ഞ ദിവസം കാട്ടാനകള്‍ ഇല്ലാതാക്കിയത്. അണക്കരമെട്ട് സ്വദേശി ജോമോന്‍റെ കൃഷിയിടത്തിലെ നൂറിലധികം ഏത്തവാഴകളും കാട്ടാനകൾ നശിപ്പിച്ചു.
ലക്ഷങ്ങളുടെ നാശനഷ്‌ടം
ഏല ചെടികള്‍ നനയ്ക്കുന്നതിനായി കൃഷിയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പിവിസി പൈപ്പ് സംവിധാനങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പാട്ടത്തിന് ഏലം കൃഷി നടത്തുന്ന സന്തോഷിന് ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ ശാന്തൻപാറ തലകുളത്ത് തൊഴിലാളിയായ സ്‌ത്രീ കൊല്ലപ്പെട്ടിരുന്നു.
പരിഹാരം വേണമെന്ന ആവശ്യം ശക്തം
കാട്ടാന ആക്രമണത്തിൽ നിന്നും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത് എത്തിയിരിക്കുകയാണ്. പ്രദേശത്ത് സ്‌ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചോ അതിർത്തിയിൽ ഫെന്‍സിങ് ഒരുക്കിയോ ആനകള്‍ കൃഷിയിടത്തിലേയ്ക്ക് കടക്കുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ALSO READ: ഗർഭിണികളിലെ വാക്‌സിനേഷൻ; ഗൈനക്കോളജിസ്റ്റ് ഡോ. ലക്ഷ്മി അമ്മാള്‍ സംസാരിക്കുന്നു