ഇടുക്കി: കനത്ത കാറ്റും മഴയും വലിയ നാശമാണ് ഇടുക്കിയുടെ മലയോര മേഖലയില്‍ ഉണ്ടാക്കിയത്. ഇതിനിടയിലാണ് ഹൈറേഞ്ചില്‍ വന്യമൃഗ ശല്യവും രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസം(09.08.2022) രാത്രിയില്‍ ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ ആനയിറങ്കലിലെ തൊഴിലാളി ലയൻസിൽ എത്തിയ കാട്ടാന ഇവിടുത്തെ റേഷന്‍ കട തകര്‍ത്തു.
ഈ വർഷം ഇത് അഞ്ചാം തവണയാണ് കാട്ടാന റേഷൻകട തകർക്കുന്നത്. അരി ഭക്ഷിക്കുന്നതിന് വേണ്ടിയാണ് തുടർച്ചയായി റേഷൻ കട തകർക്കുന്നത്. റേഷൻ കടയുടെ അറ്റകുറ്റപണികൾ നടത്തി ദുരിതത്തിലായതായി റേഷൻ വിതരണക്കാരൻ പറയുന്നു. വന്യമൃഗ ശല്യം കൂടാതെ റേഷൻ വിതരണം നടപ്പിലാക്കുവാനുള്ള സൗകര്യം പഞ്ചായത്തോ, ഹാരിസൺ കമ്പനിയോ, വനം വകുപ്പോ നടപ്പിലാക്കണമെന്ന് ഉടുമ്പൻചോല താലൂക്ക് സപ്ലൈ ഓഫിസർ ആവശ്യപ്പെട്ടു.
അരിയുൾപ്പെടെയുള്ള ഭക്ഷ്യ വസ്‌തുക്കൾ ഭക്ഷിച്ച ശേഷമാണ് ഒറ്റയാൻ പിന്മാറിയത്. മേൽക്കൂര തകർത്തതിനാല്‍ മഴവെള്ളം വീണ് ബാക്കി ഭക്ഷ്യവസ്‌തുക്കളും നശിച്ചു. ഇതോടെ തോട്ടം തൊഴിലാളികളുടെ ഈ മാസത്തെ റേഷൻ വിതരണവും പ്രതിസന്ധിയിലായിരിക്കുകയാണ്.
റേഷൻ ഭക്ഷ്യവസ്‌തുക്കൾ ആനയ്‌ക്ക് എടുക്കാൻ സാധിക്കാത്ത വിധം അടച്ചുറപ്പുള്ള കെട്ടിടത്തിലേക്ക് മാറ്റുവാനും ഒപ്പം കാട്ടാന എസ്റ്റേറ്റ് ലയത്തിനുള്ളിലേക്ക് കടക്കാതിരിക്കുന്നതിന് സുരക്ഷ സംവിധാനം ഒരുക്കണമെന്നുമാണ് ആനയിറങ്കല്‍ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ കാലങ്ങളായുള്ള ആവശ്യം. ഏതാനും ദിവസം മുമ്പും ഇതേ റേഷന്‍ കടയും സമീപത്തെ അങ്കണവാടിയും കാട്ടാന തകർത്തിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മൂന്ന് തവണ അങ്കണവാടി തകർത്തിട്ടുണ്ട്.
പകല്‍ സമയത്ത് പോലും ജനവാസ മേഖലയില്‍ കാട്ടാന തമ്പടിക്കുന്ന സാഹചര്യമാണെന്നും തൊഴിലാളികള്‍ പറയുന്നു. തുടര്‍ച്ചയായി റേഷന്‍ കടയില്‍ കാട്ടാന നാശം വിതച്ചതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടമാണ് കടയുടമയ്‌ക്കും ഉണ്ടായിരിക്കുന്നത്. വന്യമൃഗ ശല്യത്തില്‍ വലിയ നാശനഷ്‌ടങ്ങള്‍ ഉണ്ടാകുമ്പോളും സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.