ഇടുക്കി : മൂന്നാറിലെ ജനവാസമേഖലയില്‍ കാട്ടാന ശല്യം അവസാനിക്കുന്നില്ല. മൂന്നാര്‍ ടൗണിലെ ദേവികുളം സ്റ്റാന്‍ഡില്‍ കാര്‍ഗില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന പാല്‍രാജിന്‍റെ പെട്ടിക്കട പുലര്‍ച്ചെ കാട്ടുകൊമ്പന്‍ തകര്‍ത്തു. കടക്ക് നാശനഷ്‌ടം വരുത്തിയതിനൊപ്പം കടയില്‍ ഉണ്ടായിരുന്ന പഴങ്ങളും പച്ചക്കറികളുമടക്കം തിന്ന് തീര്‍ക്കുകയും ചെയ്‌തു.
ഇത് അഞ്ചാം തവണയാണ് കാട്ടാന പാല്‍രാജിന്‍റെ പെട്ടിക്കട തകര്‍ത്ത് സാധന സാമഗ്രികള്‍ ഭക്ഷിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പാല്‍രാജ് കടയിലേക്കാവശ്യമായ പഴങ്ങളും പച്ചക്കറികളും വാങ്ങി സംഭരിച്ചത്. കാട്ടാന അവ തിന്ന് തീര്‍ത്തതോടെ വലിയ നഷ്‌ടമാണുണ്ടായത്.
Also Read: തൃശൂരില്‍ സഞ്ചിയില്‍ പൊതിഞ്ഞ് നവജാതശിശുവിന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി
മുൻപും സമാന രീതിയില്‍ പാല്‍രാജിന് കാട്ടാന ആക്രമണത്തില്‍ നഷ്‌ടം സംഭവിച്ചിട്ടുണ്ട്. വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അര്‍ഹമായ നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന പരാതി പാല്‍രാജ് ഉന്നയിക്കുന്നു. മഞ്ഞുകാലത്തിന്‍റെ തുടക്കത്തില്‍ തന്നെ ടൗണ്‍ മേഖലയിലേക്ക് കാട്ടാനയെത്തിയത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.