ഇടുക്കി : ഇടുക്കിയുടെ തമിഴ്‌നാട് അതിര്‍ത്തി മേഖലയില്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷമാകുന്നു. നെടുങ്കണ്ടം അണക്കരമെട്ടില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം ഏക്കറുകണക്കിന് ഭൂമിയിലെ ഏലം കൃഷി നശിപ്പിച്ചു. കുട്ടിയാന ഉള്‍പ്പടെ നാല് ആനകളാണ് ജനവാസ മേഖലയില്‍ ഇറങ്ങിയത്.
തമിഴ്‌നാട് വന മേഖലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അണക്കരമെട്ട്. വന മേഖലയില്‍ നിന്നും രാത്രികാലങ്ങളില്‍ എത്തുന്ന കാട്ടാനകള്‍ പ്രദേശത്ത് തമ്പടിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം കൃഷിയിടങ്ങളിലേക്ക് എത്തിയ കാട്ടാനകള്‍ വിവിധ മേഖലകളിലായി പതിനായിരത്തോളം ഏല ചെടികളും വാഴ, കമുക് തുടങ്ങിയ വിളകളും നശിപ്പിച്ചു.
മേഖലയിലെ പത്ത് കര്‍ഷകരുടെ ഭൂമിയിലാണ് നാശ നഷ്‌ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്. കൃഷി ആവശ്യത്തിനായി സ്ഥാപിച്ചിരുന്ന ജലവിതരണ പൈപ്പുകളും നശിച്ചു. സ്ഥിരമായി കൃഷി നശിച്ചിട്ടും യാതൊരു നഷ്‌ടപരിഹാരവും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.
രാത്രി കാലങ്ങളില്‍ വീടിന് സമീപം വരെ കാട്ടാനകള്‍ എത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. പടക്കം പൊട്ടിച്ച് വലിയ ശബ്‌ദം ഉണ്ടാക്കിയാലും ഇവ കൃഷിയടങ്ങളില്‍ നിന്നും മടങ്ങാന്‍ തയ്യാറാവുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു.