ഇടുക്കി: തൊഴിലുറപ്പ് തൊഴിലാളികളും വിദ്യാർഥികളും ചേർന്ന് വീണ്ടെടുത്ത രാജാക്കാട് തോട് വീണ്ടും മാലിന്യങ്ങളും, മദ്യക്കുപ്പികളും കൊണ്ട് നിറയുന്നു. സമീപത്തെ കൃഷിയിടത്തിലും മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞും തല്ലിപ്പൊട്ടിച്ചും ഇടുന്ന അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. രാജാക്കാട് ബിവറേജസ് ഔട്ട് ലെറ്റിന് സമീപമുള്ള കർഷകർ മദ്യപ സംഘങ്ങളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. വേനൽ കടുത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ നാട്ടുകാരുടേയും കോളജ് വിദ്യാർഥികളുടെയും നേതൃത്വത്തിൽ വൃത്തിയാക്കിയ രാജാക്കാട് തോട് വീണ്ടും മാലിന്യങ്ങളും മദ്യക്കുപ്പികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഇതോടൊപ്പം തോടിന് സമീപത്തെ കൃഷിയിടങ്ങളിലും മദ്യപാനത്തിന് ശേഷം കുപ്പികൾ വലിച്ചെറിയുകയും തല്ലിപ്പൊട്ടിച്ചിടുന്ന അവസ്ഥയാണ്. മദ്യപ ശല്യത്തിന് പരിഹാരം കാണാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതര സംസ്ഥാന തൊഴിലാളികളാണ് കൂടുതലും ഇവിടം താവളമാക്കുന്നത്. ഞായറാഴചടക്കമുള്ള ദിവസങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഇതുവഴി സഞ്ചരിക്കാൻ കഴിയില്ലെന്നും പ്രദേശത്ത് പൊലീസ് പരിശോധന കർശനമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.