ഇടുക്കി : സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ശനിയാഴ്‌ച രാവിലെ 7 മുതൽ ഞായറാഴ്‌ച രാവിലെ 7 വരെ 168 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 75.958 എംസിഎം ജലം ഡാമിലേക്ക് ഒഴുകിയെത്തി. ഇതിലൂടെ 8.427 മെഗാ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. സംഭരണ ശേഷിയുടെ 91.61% വെള്ളമാണ് അണക്കെട്ടിൽ ഉള്ളത്.
നിലവിൽ 2395.76 ആണ് ഡാമിലെ ജലനിരപ്പ്. ഇന്നലെ രാവിലെ 9 മണിക്ക് 2391.16 ആയിരുന്നു ജല നിരപ്പ്. എന്നാൽ 24 മണിക്കൂർ കൊണ്ട് 4 അടിയുടെ വർധനവുണ്ടായി. നിലവിൽ ആദ്യ ജാഗ്രതാനിർദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ജലനിരപ്പ് 2396.86 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും 2397.86 അടിയിലെത്തിയാൽ റെഡ് അലർട്ടും നല്‍കും.
Also read: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് : ആശങ്കപ്പെടേണ്ടെന്ന് വൈദ്യുതി ബോർഡ്
ഇടുക്കി അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി 2408.5 അടിയാണ്. മേഖലയില്‍ മഴ തുടർന്നാൽ ഡാം തുറക്കേണ്ട സാഹചര്യത്തിലേക്ക് എത്തും. കല്ലാർകുട്ടി, ലോവർ പെരിയാർ, മാട്ടുപ്പെട്ടി, മലങ്കര, കല്ലാർ, കുണ്ടള അണക്കെട്ടുകൾ നേരത്തെ തുറന്നിരുന്നു.
അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവ് അനുസരിച്ച് ഷട്ടറുകൾ ഉയർത്തിട്ടുണ്ട്. മുല്ലപ്പെരിയാറിൽ 131.30 അടിയും ചെങ്കുളം അണക്കെട്ടിൽ 38.46 ശതമാനവും ലോവർ പെരിയാറിൽ 100 ശതമാനവും പൊൻമുടിയിൽ 87.72 ശതമാനവും വെള്ളമാണുള്ളത്.