ഇടുക്കി : രാജകുമാരി ഗ്രാമപഞ്ചായത്തിൽ 2016-17 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കിയ തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കരണ പദ്ധതി അവതാളത്തിൽ. ലക്ഷങ്ങൾ മുടക്കി നിർമിച്ച പ്ലാന്‍റിന് സമീപം വൻതോതിലാണ് മാലിന്യങ്ങൾ കുമിഞ്ഞു കൂടി കിടക്കുന്നത്. തമിഴ് പിന്നോക്ക വംശജരും തോട്ടം തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന ഖജനാപ്പാറയിലെ റോഡരികിൽ മാലിന്യങ്ങൾ കുന്ന് കൂടിയതോടെ പകർച്ചവ്യാധി ഭീഷണിയിലാണ് മേഖല. രാജകുമാരി ഗ്രാമപഞ്ചായത്തിൽ തമിഴ് പിന്നോക്ക വംശജരും തോട്ടം തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന രണ്ട്, മൂന്ന്, നാല്, വാർഡുകളിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായിട്ടാണ് പ്ലാനറ്റുകൾ സ്ഥാപിച്ചത്. ഖജനാപ്പാറ, കുംഭപാറ മേഖലകളിലായി നാല് എയ്റോബിക്ക് മാലിന്യ പ്ലാന്‍റുകളാണ് നാല് ലക്ഷം രൂപ മുതൽ മുടക്കിൽ സ്ഥാപിച്ചത്. 2016-17 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കിയ ഈ പദ്ധതിയെ കുറിച്ചും മാലിന്യ സംസ്‌കരണം നടത്തേണ്ട രീതിയെ കുറിച്ചും ജനങ്ങൾക്ക് ഇടയിൽ ബോധവൽക്കരണം നടത്തുവാൻ പഞ്ചായത്ത് അധികൃതർക്ക് സാധിച്ചിട്ടില്ല .
ഇതുമൂലം ജൈവ, അജൈവ മാലിന്യങ്ങൾ വൻതോതിൽ ഇവിടെ കുന്നുകൂടി. പ്ലാന്‍റിന്‍റെ നടത്തിപ്പിനായി ചെറിയ വേതനത്തിൽ ആളുകളെ നിയമിച്ചെങ്കിലും ഇവരും ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ല. കാലവർഷം ആരംഭിച്ചതോടെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തിലെ വിവിധ മേഖലകളിൽ തകൃതിയായി നടക്കുമ്പോഴും ഖജനാപാറ ,മാലിന്യത്തിൽ മുങ്ങിയ അവസ്ഥയാണ് . മഴയിൽ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലേക്കു ഒലിച്ചു ഇറങ്ങിയതോടെ പകർച്ചവ്യാധി ഭീഷണിയിൽ ആണ് ഈ മേഖല. തൊഴിലാളികൾക്ക് മാലിന്യ സംസ്കരണത്തിനുള്ള ബോധവൽക്കരണം ഇനിയും നൽകിയില്ലെങ്കിൽ വലിയ ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇത് വഴിയൊരുക്കും എന്നതിൽ സംശയമില്ല.