ഇടുക്കി: മുത്തൂറ്റ് ഫിനാൻസിന്‍റെ കട്ടപ്പന ബ്രാഞ്ച് വനിതാ മാനേജർക്ക് നേരെ സിഐടിയു പ്രവർത്തകരുടെ അതിക്രമം. രാവിലെ ഓഫീസ് തുറക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ഓഫീസ് തുറക്കാൻ എത്തിയ മാനേജർ അനിത ഗോപാലിന്‍റെ ദേഹത്തേക്ക് പ്രവർത്തകർ മീൻവെള്ളം ഒഴിക്കുകയായിരുന്നു. ഓഫീസ് തുറക്കാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അതിക്രമം.
ഈയം ഉരുക്കി ഒഴിച്ചതിനെ തുടർന്ന് പൂട്ട് മുറിച്ചാണ് ജീവനക്കാർ ഓഫീസിൽ പ്രവേശിച്ചത്. മാനേജർ കട്ടപ്പന പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ പ്രതിഷേധങ്ങൾ ഉണ്ടായതിനെ തുടർന്ന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.