ഇടുക്കി: തേക്കടിയിൽ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ പാർക്കിങ് ഗ്രൗണ്ട് ഫീസ് പിരിക്കുന്നതിലും ബോട്ട് ടിക്കറ്റ് വിൽപ്പനയിലും ക്രമക്കേട് നടക്കുന്നതായി വിജിലൻസ്(Vigilance Operation Jungle Safari). കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 19,500 രൂപയുടെ കുറവുള്ളതായും വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
വനംവകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശന ഫീസിനത്തിലും വനവിഭവങ്ങൾ വിറ്റ് കിട്ടുന്നതിലൂടെയും ലഭിക്കുന്ന തുക ട്രഷറിയിൽ അടക്കാതെ ക്രമക്കേട് നടത്തുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഓപ്പറേഷൻ ജംഗിൾ സഫാരി എന്ന പേരിൽ വിജിലൻസ് പരിശോധന നടത്തിയത്. ഇടുക്കിയിൽ എട്ട് സ്ഥലങ്ങളിലായിരുന്നു റെയ്‌ഡ് നടത്തിയത്.
ഇതിൽ തേക്കടിയിൽ നടത്തിയ പരിശോധനയിലാണ് വിവിധ തരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയത്. കോട്ടയം വിജിലൻസ് റെയ്ഞ്ച് ഡിവൈഎസ്‌പി വി മനോജ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്‌ഡ് നടത്തിയത്. തേക്കടിയിലേക്കുള്ള വാഹനങ്ങൾ ആനവച്ചാലിലെ വനംവകുപ്പ് സ്ഥലത്താണ് പാർക്ക് ചെയ്യുന്നത്. ഇവിടുത്തെ പാർക്കിങ്, പ്രവേശന ഫീസ് ഇനങ്ങളിലാണ് 19,500 രൂപയുടെ കുറവ് കണ്ടെത്തിയത്.
പാർക്കിംഗ് ഗ്രൗണ്ടിൽ ജോലി ചെയ്യുന്ന രണ്ട് വാച്ചർമാരുടെ ഗൂഗിൾ പേയിലേക്ക് കുമളിയിലെ ഹോട്ടൽ ജീവനക്കാരും ടൂറിസം രംഗത്തുള്ളവരും സ്ഥിരമായി പണം അയക്കുന്നുണ്ട്. ഇത് അനധികൃതമായ സഹായങ്ങൾ ചെയ്യുന്നതിനാണെന്നാണ് കണ്ടെത്തൽ. ഇതുവഴി മാസം തോറും 40,000 രൂപയോളമാണ് ഇവർ സമ്പാദിക്കുന്നത്.
പാർക്കിങ് ഫീസ് പിരിക്കുന്നവരും തങ്ങളുടെ ഗൂഗിൾ പേ വഴി പണം സ്വീകരിക്കുന്നുണ്ട്. കൗണ്ടറിൽ പണം സ്വീകരിക്കാൻ ഉപയോഗിക്കുന്ന യന്ത്രത്തിലെ വിവരങ്ങൾ അടുത്ത ദിവസം നീക്കം ചെയ്യുന്നത് അട്ടിമറി നടത്താനാണെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. വനംവകുപ്പ് നടത്തിയ ഫയർലൈൻ നിർമ്മാണം ഉൾപ്പെടെയുള്ളവയും സംഘം പരിശോധിച്ചു. തേക്കടിയിലുള്ള കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫിസിലെ രേഖകളും വിജിലൻസ് പരിശോധിച്ചു.
Also read: അയ്യപ്പഭക്തരുടെ വേഷത്തിൽ വിജിലൻസ്, 1000 രൂപ കൈക്കൂലി; കുമളി ചെക്ക് പോസ്റ്റിൽ മിന്നൽ പരിശോധന
കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസിന്‍റെ പരിശോധന, ക്രമക്കേട് കണ്ടെത്തി: കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസ് കഴിഞ്ഞ ദിവസം മിന്നൽ പരിശോധന നടത്തുകയും മോട്ടോർ വാഹന വകുപ്പിൽ വ്യാപക ക്രമക്കേട് കണ്ടെത്തുകയും ചെയ്‌തിരുന്നു (Kumily Check Post Vigilance Inspection). ഓഫിസിൽ അനധികൃതമായി സൂക്ഷിച്ച പണവും വിജിലൻസ് പിടിച്ചെടുത്തു. എക്സൈസ്, ലൈവ്സ്റ്റോക്ക്, മോട്ടോർ വാഹന വകുപ്പ്, ജിഎസ്‌ടി എൻഫോഴ്സ്മെന്‍റ് എന്നീ വകുപ്പുകളുടെ കുമളി ചെക്ക് പോസ്റ്റിലെ ഓഫിസിലാണ് വിജിലൻസ് പരിശോധന നടത്തിയത്.
തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനത്തിൽ അയ്യപ്പ ഭക്തരുടെ വേഷത്തിലുണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ 1000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. ഇതിന് പിന്നാലെ കൂടുതൽ വിജിലൻസ് ഉദ്യോഗസ്ഥരെത്തി ഓഫിസ് സമുച്ചയത്തിൽ പരിശോധന നടത്തുകയായിരുന്നു.
ഉപേക്ഷിച്ച നിലയിലായിരുന്ന പ്രിന്‍ററിന്‍റെ ഉള്ളിലും കെട്ടിടത്തിന്‍റെ വിവിധ ഭാഗങ്ങളിലുമായി ഒളിപ്പിച്ചിരുന്ന 8000ത്തിലധികം രൂപ വിജിലൻസ് പിടിച്ചെടുത്തു. ചെക്ക് പോസ്റ്റ് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർ താമസിക്കുന്ന ലോഡ്‌ജിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു. ഓൺലൈൻ പെർമിറ്റ് എടുത്തു വരുന്ന തമിഴ്‌നാട് രജിസ്ട്രേഷൻ വാഹനങ്ങളിൽ നിന്ന് വാങ്ങിയ പണമായിരിക്കാം ഇതെന്നാണ് വിജിലൻസ് സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ.