ഇടുക്കി: ക്ഷയരോഗ മുക്ത പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തിച്ച് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത്. ഇത് സംബദ്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വെള്ളത്തൂവലില്‍ വച്ച് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറി. ക്ഷയ രോഗ നിവാരണത്തിനായി പ്രവര്‍ത്തിച്ച പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി ആര്‍ ബിജി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന എന്‍റെ ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പ്രവര്‍ത്തനം. നിലവില്‍ പഞ്ചായത്ത് പരിധിയില്‍ ക്ഷയരോഗമുള്ളവരായി ആരുമില്ലെന്നും 2018 മുതല്‍ ക്ഷയരോഗ നിവാരണം ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നുവെന്നും വെള്ളത്തൂവല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ ഹരികുമാര്‍ കെ ജെ പറഞ്ഞു.
2018 മുതല്‍ നടത്തിയ പരിശോധനകളില്‍ 57 ക്ഷയ രോഗികളെ പഞ്ചായത്ത് പരിധിയില്‍ കണ്ടെത്തിയിരുന്നു. ഇവരുടെ രോഗം ഇതിനോടകം പൂര്‍ണ്ണമായും ഭേദമായി കഴിഞ്ഞു. ക്ഷയ രോഗം കണ്ടെത്തിയ ആരും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചികിത്സ ഇടക്ക് വച്ച് നിര്‍ത്തിയിട്ടില്ലെന്ന നേട്ടവും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തുടര്‍ച്ചയായി ഒരു വര്‍ഷം ക്ഷയരോഗമില്ലെന്ന നേട്ടവും പഞ്ചായത്ത് കൈവരിച്ചിട്ടുണ്ട്.