ഇടുക്കി: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക നയങ്ങളിലും തൊഴിലാളി ദ്രോഹ നടപടികളിലും പൊതുമുതൽ വിൽക്കുന്നതിലും മുതലാളിമാർക്ക് വേണ്ടി തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിലും പ്രതിക്ഷേധിച്ചാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഐക്യ ട്രേഡ് യൂണിയൻ രാജകുമാരി പഞ്ചായത്ത് കോ-ഓർഡിനേഷൻ്റെ നേതൃത്വത്തിലാണ് കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചത്.
സിഐടിയു നേതാവ് പി.രാജാറാം ക്യാപ്റ്റനായും ഐഎൻടിയുസി നേതാവ് റോയി ചാത്തനാട്ട് വൈസ് ക്യാപ്റ്റനുമായുള്ള കാൽനട പ്രചാരണ ജാഥക്കാണ് രാജകുമാരി പഞ്ചായത്തിൽ തുടക്കമായത്. രാവിലെ കുംഭപ്പാറയിൽ നിന്നും ആരംഭിച്ച ജാഥ മുൻ എം.എൽ.എ കെ.കെ.ജയചന്ദ്രൻ ജാഥാ ക്യാപ്റ്റന് പതാക കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ.വി.കുര്യാച്ചൻ, എം.എൻ.ഹരികുട്ടൻ, പി.രവി, ഷാജി കൊച്ചുകരോട്ട്, ഷിന്‍റോ പാറയിൽ, പി.ആർ.പുഷ്‌പാംഗദൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് അഞ്ചു മണിക്ക് രാജകുമാരി സൗത്തിൽ ജാഥ സമാപിച്ചു.