ഇടുക്കി: ജില്ലയിലെ മരം മുറിക്കൽ വിവാദത്തെ തുടർന്ന് ഇടുക്കി ജില്ലയിലെ വികസന പ്രവർത്തങ്ങളും പ്രതിസന്ധിയിൽ. റോഡ് നിർമാണത്തിന്‍റെ മറവിൽ മരങ്ങൾ മുറിച്ചുകടത്തിയ കേസിൽ കരാറുകാരൻ പ്രതിയായതോടെ ഉടുമ്പൻചോല ചെമ്മണ്ണാർ രണ്ടാം മൈല്‍ റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങളാണ് അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്.
ഉടുമ്പൻചോല രണ്ടാം മൈൽ റോഡിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരൻ അനധികൃതമായി മരങ്ങൾ മുറിച്ചുകടത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടന്ന മരം മുറിക്കൽ കേസ് വിവാദമായതോടെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും കരാറുകാരനായ അടിമാലി സ്വദേശി അലിയാരെയും പ്രതി ചേർത്ത് വനം വകുപ്പ് കേസ് എടുത്തു.
ALSO READ: കുറയാതെ ടിപിആര്‍ ; കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ ഇല്ല
ഇതോടെ റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങളും നിലച്ചു. റോഡിൽ കിടങ്ങുകൾ നിർമ്മിച്ചിരിക്കുന്നതിനാൽ ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലുമാണ്. വലിയ മെറ്റൽ കല്ലുകൾ വിരിച്ചിരിക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്.
ALSO READ: ഒളിമ്പിക്സിലേക്ക് നീന്തിക്കയറി സജന്‍ ; അഭിമാന നേട്ടവുമായി മലയാളി താരം
കാലങ്ങളുടെ കാത്തിരിപ്പിനൊടുവിൽ എത്തിയ റോഡ് വികസനം മരം മുറി വിവാദത്തിൽ തട്ടി നിലച്ചതോടെ പ്രദേശവാസികളും ദുരിതത്തിലായിരിക്കുകയാണ്.
154 കോടി രൂപയാണ് റോഡ് നിർമാണത്തിനായി അനുവദിച്ചിരിക്കുന്നത്. റോഡിന്‍റെ നിർമാണം പുനരാരംഭിച്ച് എത്രയും പെട്ടന്ന് സഞ്ചാര യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.