ഇടുക്കി: ഉടുമ്പൻചോലയിൽ സഹായ സേനയുമായി എഐവൈഎഫ്. കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നെങ്കിലും രോഗബാധയുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായം എത്തിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായ സേന എഐവൈഎഫ് രൂപീകരിച്ചു.
നെടുങ്കണ്ടം, തൂക്കുപാലം, പച്ചടി, പാമ്പാടുംപാറ, കരുണാപുരം, ശാന്തൻപാറ മേഖലകളിൽ സേനയുടെ സേവനം ലഭ്യമാക്കും. ഭക്ഷ്യ കിറ്റുകൾ എത്തിച്ചു നൽകുക, മരുന്ന്, ആശുപത്രി സൗകര്യം ഒരുക്കുക, വാഹനസൗകര്യം എത്തിച്ചു നൽകുക, കൊവിഡ് കാലത്ത് പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് സൗകര്യമൊരുക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് സേനയുടെ നേതൃത്വത്തിൽ അടിയന്തരമായി ചെയ്യുന്നത്.
Also read: സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചേക്കും
കൊവിഡ് മുൻനിര പോരാളികളായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് നെടുങ്കണ്ടത്ത് ഭക്ഷ്യ കിറ്റുകളും മാധ്യമപ്രവർത്തകരുടെ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്‌തു. വരും ദിവസങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് ഓരോ പഞ്ചായത്തിലും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.