ഇടുക്കി: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ ഇടുക്കിയില്‍ പ്രതിഷേധം ശക്തമാകുന്നു. വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിന് പുറമെ ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തു. പാല്‍, പത്രം, ആശുപത്രി, വിവാഹം, മരണാനന്തരച്ചടങ്ങുകള്‍, മെഡിക്കല്‍ ഷോപ്പ്, എയര്‍പോര്‍ട്ട് യാത്ര എന്നിവ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കര്‍ഷകര്‍ അടക്കമുള്ള ഇടുക്കിയിലെ സാധാരണക്കാരുടെ ഭീതി അകറ്റാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും അടിയന്തിരമായി ഇടപെടണമെന്നാണ് യു.ഡി.എഫിന്‍റെ ആവശ്യം. പരിസ്ഥിതിലോല പ്രദേശ നിര്‍ണയ കാര്യത്തില്‍ യു.ഡി.എഫ് സ്വീകരിച്ചതിന് വിരുദ്ധമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുള്ളതെന്നും, കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍റെ പേര് പറഞ്ഞ് എല്‍.ഡി.എഫ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
പ്രശ്‌നപരിഹാരത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഇടപ്പെട്ടില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. അതേസമയം, ഇതേ വിഷയത്തില്‍ ജൂണ്‍ 12ന് എല്‍.ഡി.എഫും ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.
Also Read പരിസ്ഥിതി ലോല പ്രദേശം: വിധി പുനഃപരിശോധിക്കണമെന്ന് യാക്കോബായ സഭ