ഇടുക്കി: രാജാക്കാട്-കള്ളിമാലി കരയിൽ നിന്നും രണ്ടു കിലോഗ്രാം കഞ്ചാവുമായി യുവാക്കള്‍ എക്‌സൈസ് പിടിയില്‍. രാജാക്കാട് ആനപ്പാറ സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ ഏയ്ഞ്ചൽ ഏലിയാസ്(21), ബൈസൺവാലി-ടീ കമ്പനി സ്വദേശി കൂനാനിയിൽ വീട്ടിൽ കിരൺബാബു (20) എന്നിവരാണ് പിടിയിലായത്.
അടിമാലി എക്‌സൈസ് നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് കേരളത്തിലെ വിവിധ ജില്ലകളിൽ എത്തിച്ച് വിൽപ്പന നടത്തുന്ന കണ്ണികളിലെ പ്രധാനികളാണ് പിടിയിലായതെന്ന് അധികൃതര്‍ പറഞ്ഞു. ഒരാൾ ഓടി രക്ഷപ്പെട്ടു. രാജാക്കാട് കലുങ്ക് സിറ്റി കരയിൽ അത്തിയാലിൽ ബിനു ജോസഫെന്ന മുത്തുവാണ് ഓടി രക്ഷപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജാക്കാട്, ബൈസൺവാലി വില്ലേജുകളിലെ രഹസ്യ സങ്കേതങ്ങളിലാണ് പ്രതികള്‍ കഞ്ചാവ് സൂക്ഷിക്കുന്നത്.
കിലോഗ്രാമിന് 35,000 രൂപ നിരക്കിൽ എറണാകുളത്ത് നിന്നെത്തുന്ന സഞ്ചാരികൾക്ക് വിൽപ്പന നടത്തുന്നതിനായി കള്ളിമാലി ഭാഗത്ത് കാത്തുനിൽക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. കഞ്ചാവ് കടത്തിന് ഉപയോഗിക്കുന്ന കെടിഎം ആര്‍സി 200 ആഡംബര ബൈക്കും കസ്റ്റഡിയിലെടുത്തു. കള്ളിമാലി വ്യൂ പോയിൻ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നതായി എക്സൈസ് ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഒരാഴ്‌ചയിലധികമായി നിരീക്ഷണത്തിലായിരുന്നു പിടിയിലായ പ്രതികൾ.