ഇടുക്കി: കുടുംബം പുലര്‍ത്താന്‍ പിതാവിന്‍റെ മീന്‍ വ്യാപാരമേറ്റെടുത്ത് വിദ്യാര്‍ഥിനികളായ പെണ്‍മക്കള്‍. രണ്ട് മാസം മുന്‍പ് വീഴ്‌ചയില്‍ കാലൊടിഞ്ഞ പിതാവിന്‍റെ മീന്‍ വ്യാപാരം ഏറ്റെടുത്തിരിക്കുകയാണിവർ. ഇരുമ്പുപാലം വെട്ടിക്കല്‍ മനോജിന്‍റെ പെണ്‍മക്കളായ ശില്‍പ്പയും നന്ദനയുമാണ് ഇരുമ്പുപാലത്ത് പിതാവ് നടത്തി വന്നിരുന്ന പച്ച മീന്‍ വ്യാപാരം ഏറ്റെടുത്തിരിക്കുന്നത്.
മനോജ് വീട് പുലര്‍ത്തി പോന്നിരുന്നത് പച്ച മീന്‍ വ്യാപാരത്തിലൂടെ ആയിരുന്നു. ഇതിനിടയിലാണ് വീണ് കാല്‍ ഒടിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായത്. മറ്റു വരുമാന മാര്‍ഗങ്ങളൊന്നുമില്ലാത്ത മനോജിന്‍റെ രണ്ട് പെണ്‍മക്കള്‍ മീന്‍ വ്യാപാരം നടത്താമെന്ന് പറഞ്ഞപ്പോൾ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി സമ്മതിക്കുകയായിരുന്നു. ഇരുവരും പുലര്‍ച്ചെ എത്തി മീന്‍ ശേഖരിച്ച് കടയില്‍ വില്‍പ്പന ആരംഭിക്കും.
ആദ്യമൊക്കെ പെണ്‍കുട്ടികള്‍ മീന്‍ വില്പനയ്ക്ക് വന്നിരിക്കുന്നത് ശരിയാണോ എന്ന് ചിലര്‍ സംശയത്തോടെ നോക്കിയെങ്കിലും പിന്നീട് അവര്‍ക്ക് എല്ലാ വിധ പിന്തുണയും നാട്ടുകാര്‍ നൽകുകയും ചെയ്‌തതോടെ കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. മീന്‍ ആവശ്യാനുസരണം വൃത്തിയാക്കിയും നല്‍കുന്നുണ്ട്. അടിമാലി മാര്‍ ബസേലിയോസ് കോളജിലെ ബിബിഎ വിദ്യാര്‍ഥിനിയാണ് ശില്‍പ്പ, അടിമാലി എസ്എന്‍ഡിപി ഹയര്‍ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി ഡിഗ്രി പ്രവേശനത്തിന് കാത്തിരിക്കുകയാണ് നന്ദന.