ഇടുക്കി: യുട്യൂബ് നോക്കി മോഷണം പഠിച്ച് ബൈക്ക് മോഷ്‌ടിച്ച രണ്ടുപേർ പൊലീസ് പിടിയിൽ. മൂന്നാർ ഇക്കാനഗർ സ്വദേശി ആർ വിനു (18), ലക്ഷ്‌മി പാർവതി ഡിവിഷന്‍ സ്വദേശി രാമകൃഷ്‌ണ മൂർത്തി (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഓഫിസിന്‍റെ മുറ്റത്ത് നിര്‍ത്തിയിരുന്ന ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ബൈക്കാണ് ഇവർ മോഷ്‌ടിച്ചത്.
തേനി പൊലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. യുട്യൂബ് വീഡിയോകൾ നോക്കി മോഷണം നടത്തുന്നതിനെ കുറിച്ച് പഠിച്ച ശേഷം രാത്രി വാഹനങ്ങൾ മോഷ്‌ടിക്കുകയാണ് യുവാക്കൾ ചെയ്യുന്നത്. മോഷണം പോയ ബൈക്ക് തേനിയിലെ ഇവരുടെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
തേനി പൊലീസ് നല്‍കിയ വിവരം വഴിത്തിരിവായി: ജൂലൈ 18നാണ് ബൈക്ക് മോഷണം പോയത്. സൊസൈറ്റി ജീവനക്കാരനായ അനൂപ് ഏഴ് മണിയോടെ കടയിൽ പോയി വന്നതിന് ശേഷം രാത്രി 11 മണിവരെ മുറ്റത്ത് ബൈക്ക് കണ്ടിരുന്നു. രാവിലെ ടൗണിൽ പോകാൻ ബൈക്ക് എടുക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നത് മനസിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകി.
പൊലീസ് കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതികൾ ആരെന്ന് വ്യക്തമായിരുന്നില്ല. ബൈക്ക് ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണിലും പരിസരങ്ങളിലുമുള്ള നിരീക്ഷണ ക്യാമറകള്‍ പൊലീസ് പരിശോധിച്ചിരുന്നു. അടുത്തിടെ അതിർത്തി ജില്ലയായ തമിഴ്‌നാട്ടിലെ തേനിയിൽ നടന്ന ബൈക്ക് മോഷണക്കേസുകളില്‍ പ്രതിയായവരെ സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തി.
തുടര്‍ന്ന് തമിഴ്‌നാട്ടിൽ ബൈക്ക് മോഷണക്കേസില്‍ പ്രതിയായ വിനുവിലേക്ക് അന്വേഷണം എത്തുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്‌തതില്‍ നിന്നും കൂട്ടുപ്രതിയായ രാമ മൂര്‍ത്തിയെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നാറിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന മോഷണക്കേസുകളില്‍ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.