ഇടുക്കി: കോവിൽക്കടവിൽ മാരഹ ലഹരി പദാര്‍ത്ഥങ്ങളുമായി രണ്ട് പേര്‍ പിടിയില്‍. കൊല്ലം കൊട്ടാരക്കര പനവേലി സ്വദേശി ജിനു ഷാജി(24), കൂത്തുകുളങ്ങര കുന്നിക്കല്‍ പറമ്പില്‍ വീട്ടില്‍ അഖില്‍(24) എന്നിവരാണ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടുകൂടി കോവില്‍ക്കടവ് തെങ്കാശിനാഥന്‍ ക്ഷേത്രത്തിന് സമീപം എക്‌സൈസ് നടത്തിയ പരിശോധനക്കിടെയാണ് ലഹരിവസ്‌തുക്കള്‍ പിടികൂടിയത്. ഇവരില്‍ നിന്നും 557 മില്ലി ഗ്രാം എല്‍എസ്‌ഡി സ്റ്റാംപ്, 2.247 ഗ്രാം എംഡിഎംഎ, 100 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെത്തി.
കാന്തല്ലൂര്‍, മറയൂര്‍ മേഖലകളില്‍ വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ച് നടക്കുന്ന നിശാപാര്‍ട്ടികളിലേക്ക് വില്‍പന നടത്താനായി ബാംഗ്ലൂരില്‍ നിന്നും എത്തിച്ചതാണ് ലഹരി വസ്തുക്കളെന്നും ഇവയ്ക്ക് രണ്ടര ലക്ഷം രൂപയോളം വിപണി മൂല്യം ഉള്ളതായും മറയൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്‌ടർ ടി.രഞ്ചിത്ത്കുമാര്‍ പറഞ്ഞു. പ്രതികളില്‍ നിന്നും ലഹരിവസ്‌തുക്കള്‍ വാങ്ങിയിരുന്നവരെ സംബന്ധിച്ചും കൂടുതല്‍ അന്വഷണം നടത്തിവരുന്നതായും എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ പറഞ്ഞു.
അതേ സമയം പ്രദേശത്തെ ഒറ്റപെട്ടയിടങ്ങളില്‍ വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ച് ക്രിസ്തുമസ്, പുതുവത്സര ദിനങ്ങളില്‍ നിശാപാര്‍കള്‍ അരങ്ങേറിയതായും ആരോപണം ശക്തമാണ്. പ്രിവന്‍റീവ് ഓഫിസര്‍ കെപി.ബിനുമോന്‍, സിവിൽ എക്‌സൈസ് ഓഫിസര്‍മാരായ എസി.നെബു, കെപി.ഉണ്ണികൃഷ്‌ണന്‍, എസ്എസ്.അനില്‍, എസ്.പ്രബിന്‍, പി.ദിനേശ് എന്നിവരടങ്ങുന്ന എക്‌സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.