ഇടുക്കി: കോളജ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച നാല് കിലോ കഞ്ചാവുമായി രണ്ട് പേര്‍ ഇടുക്കിയില്‍ പിടിയിലായി. സൂര്യനെല്ലി സ്വദേശികളായ പാണ്ടിരാജും തങ്കരാജുമാണ് കഴിഞ്ഞ ദിവസം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്‍റെ പിടിയിലായത്. സൂര്യനെല്ലി, മൂന്നാർ ഭാഗങ്ങളിലെ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തെപ്പറ്റി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സൂര്യനെല്ലി അപ്പര്‍ ഡിവിഷന്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
തമിഴ്നാട്ടില്‍ നിന്നാണ് പ്രതികൾ കഞ്ചാവ് കേരളത്തിലെത്തിക്കുന്നത്. പിടിയിലായ തങ്കരാജ് 2018ൽ കഞ്ചാവ് കേസില്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലേക്ക് കഞ്ചാവ് എത്തിക്കുന്നതിലും തങ്കരാജിന് പങ്കുള്ളതായി പൊലീസ് പറയുന്നു. ഇതര ജില്ലകളിൽ നിന്നും കഞ്ചാവ് വാങ്ങാന്‍ നിരവധിയാളുകൾ തങ്കരാജിന്‍റെ വീട്ടിൽ വരുന്നതായി സമീപവാസികളും പറഞ്ഞു. എക്സൈസ് സർക്കിൾ ഇൻസ്പക്ടർ ടിഎൻ സുധീറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.